ക്രിക്കറ്റിന്റെ രാജസഭയിൽ ​ഇനി ധോണിയും; എക്കാലവും മനസ്സിൽ കൊണ്ടുനടക്കാവുന്ന അംഗീകാരമെന്ന് താരം

ന്യൂഡൽഹി: ക്രിക്കറ്റിന്റെ രാജസഭയിൽ ഇന്ത്യയുടെ അഭിമാന താരം മഹേന്ദ്ര സിങ് ധോണിക്കും ഇടമായി. എക്കാലത്തേയും മഹാന്മാരായ താരങ്ങളടങ്ങിയ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ധോണിയെയും ഉൾപ്പെടുത്തി. കളിയിൽ ഏറ്റവും വിജയശ്രീലാളിതരായ നായകന്മാരുടെ പട്ടികയിൽ അഗ്രഗണ്യനായ ധോണി, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 2013 ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതും ധോണിയുടെ നായകത്വമായിരുന്നു.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ 2009ൽ ഒന്നാം സ്ഥാനത്തെത്തുമ്പോഴും ധോണിയായിരുന്നു ഇന്ത്യൻ നായകൻ. ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന 11-ാമത് ഇന്ത്യൻ താരമാണ് ധോണി. ഇന്ത്യയ്ക്കായി 538 രാജ്യാന്തര മത്സരങ്ങൾ കളിച്ച ധോണി 17,266 റൺസ് നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലെ വിശ്വസ്ത കാവൽക്കാരനായ താരം 829 പുറത്താക്കലുകളിലും പങ്കാളിയായി. സുനിൽ ഗവാസ്കർ, സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ഡയാന എഡുൽജി, അനിൽ കുംബ്ലെ, ബിഷൻ സിങ് ബേദി, കപിൽ ദേവ്, രാഹുൽ ദ്രാവിഡ്, വിനു മങ്കാദ്, നീതു ഡേവിഡ് എന്നിവരാണ് മഹിക്കുമുമ്പ് കളിയുടെ മഹിതസഭയിൽ ഇടംപിടിച്ച ഇന്ത്യക്കാർ.

‘ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ എന്റെ പേര് ഉൾപ്പെടുത്തിയത് മഹത്തരമായ ബഹുമതിയാണ്. വിവിധ തലമുറകളിലായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്ന വേദിയാണത്. എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം നിങ്ങളുടെ പേരും ഓർമിക്കപ്പെടുന്നത് ഒരു അതിശയകരമായ അനുഭവമാണ്. മനസ്സിൽ എക്കാലവും അഭിമാനത്തോടെ കൊണ്ടുനടക്കാവുന്ന ഒന്നാണിത്’ - ധോണി പറഞ്ഞതായി ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. അനിതര സാധാരണമായ സ്ഥിരതയും ഫിറ്റ്നസും ​​പ്രകടിപ്പിക്കുന്ന ധോണിയുടെ സുദീർഘമായ കരിയറും അദ്ദേഹത്തിന്റെ മികവിനെ പ്രതിഫലിപ്പിക്കുന്നതായി ഐ.സി.സി ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച ധോണിക്കൊപ്പം മറ്റ് ആറ് കളിക്കാരെക്കൂടി ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡൻ, മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രേയം സ്മിത്ത്, മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലർ എന്നിവരാണ് മറ്റുള്ളവർ.

Tags:    
News Summary - MS Dhoni inducted into ICC Hall of Fame: ‘Something I will cherish forever’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.