അമ്മയ്ക്ക് ഹൃദയാഘാതം; ഗംഭീർ ഇംഗ്ലണ്ടിൽനിന്ന് നാട്ടിലേക്ക് മടങ്ങി

ഡൽഹി: അമ്മയ്ക്ക് ഹൃദയാഘാതം സംഭവിച്ചതി​നെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ ഇംഗ്ലണ്ടിൽനിന്ന് നാട്ടിലേക്ക് മടങ്ങി. ജൂൺ 20ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായാണ് ടീമിനൊപ്പം ഗംഭീർ ഇംഗ്ലണ്ടിലെത്തിയത്. ഗംഭീറിന്റെ മാതാവ് ഡൽഹിയിലെ ഗംഗാറാം ആ​ശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്നു.

ഗംഭീർ അടുത്തയാഴ്ചയോടെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപറക്കുമെന്നാണ് റിപ്പോർട്ടുകൾ. അതു​പക്ഷേ, അമ്മയുടെ ആരോഗ്യം മെച്ചപ്പെടു​ന്നതിനെ ആശ്രയിച്ചിരിക്കും ടെസ്റ്റ് പരമ്പരക്കുമുന്നോടിയായി ഇന്ത്യൻ ടീമിലെയും ഇംഗ്ലണ്ടിലുള്ള ഇന്ത്യ എ ടീമിലെയും കളിക്കാർ പ​ങ്കെടുക്കുന്ന സന്നാഹ മത്സരം വെള്ളിയാഴ്ച തുടങ്ങുന്നതിന് മുമ്പാണ് ഗംഭീർ അമ്മയുടെ അസുഖവാർത്തയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.

രോഹിത് ശർമയും വിരാട് കോഹ്‍ലിയും വിരമിച്ചതിനുപിന്നാലെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ നായകൻ. ടീമിന്റെ നായകത്വം പുതുതലമുറ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നിർണായക പരമ്പരയിൽ കോച്ചിന്റെ സാന്നിധ്യം ടീമിന് അനിവാര്യമാണ്. അസിസ്റ്റന്റ് കോച്ച് റ്യാൻ ടെൻ ഡൊഷാറ്റെയാകും ഗംഭീറിന്റെ അഭാവത്തിൽ ടീമിന്റെ പരിശീലന ചുമതല വഹിക്കുക. ബാറ്റിങ് കോച്ച് സീതാൻഷു കൊടകും ബൗളിങ് കോച്ച് മോർനെ മോർക്കലും ഡൊഷാറ്റെക്കൊപ്പമുണ്ടാകും.

യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറേൽ, ഷാർദുൽ താക്കൂർ, ആകാഷ് ദീപ് എന്നിവരടക്കം ഇന്ത്യൻ ടീം താരങ്ങൾ ഇന്ത്യ എ ടീമിന്റെ ഭാഗമായി നേരത്തേ ഇംഗ്ലണ്ടിലെത്തിയിരുന്നു. ഇംഗ്ലണ്ട് ലയൺസുമായി ഇന്ത്യ എ ടീം രണ്ട് പരിശീലന മത്സരങ്ങളിൽ ഇതിനകം കളത്തിലിറങ്ങുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ, ധ്രുവ് ജുറേൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാഷ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

ഇന്ത്യ എ ടീം

അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറേൽ (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മാനവ് സുതാർ, തനുഷ് കോട്ടിയൻ, മുകേഷ് കുമാർ, ആകാഷ് ദീപ്, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഖലീൽ അഹ്മദ്, ഋതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബേ. 

Tags:    
News Summary - Mother Suffers Heart Attack, Gautam Gambhir Returns From England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.