ഡി.ആർ.എസ് എടുക്കാൻ സൂര്യകുമാറിനെ സഹായിച്ചു; ടിം ഡേവിഡിനും പൊള്ളാര്‍ഡിനും പണികിട്ടി

മുംബൈ: ഡഗ് ഔട്ടിലിരുന്ന് ഡി.ആർ.എസ് എടുക്കാൻ നിർദേശം നൽകിയതിന് മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും ബാറ്റിങ് പരിശീലകൻ കിറോൺ പൊള്ളാർഡിനും പിഴ ചുമത്തി. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്.

വ്യാഴാഴ്ച നടന്ന പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് നടപടിക്കാധാരമായ സംഭവം. മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന ഡേവിഡും പൊള്ളാർഡും ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡി.ആർ.എസ് എടുക്കാൻ നിർദേശം നൽകുകയായിരുന്നു. താരം സൂചന നൽകുന്നത് കൃത്യമായി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. 15ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപിന്റെ അവസാന പന്ത് ഒരു വൈഡ് യോര്‍ക്കറായിരുന്നു.

സൂര്യകുമാര്‍ യാദവായിരുന്നു ബാറ്റ് ചെയ്തിരുന്നത്. അമ്പയര്‍ വൈഡ് നല്‍കിയില്ല. മുംബൈയുടെ മുഖ്യ പരിശീലകൻ മാർക് ബൗച്ചർ റീപ്ലേ നോക്കി വൈഡാണെന്ന് കൈകൊണ്ട് ആക്ഷൻ കണിക്കുന്നുണ്ട്. പിന്നാലെയാണ് ഡേവിഡും പൊള്ളാർഡും ക്രീസിലുണ്ടായിരുന്ന സൂര്യകുമാറിന് കൈകൊണ്ട് വൈഡാണെന്ന് സൂചന നൽകുന്നത്. സൂര്യകുമാർ ഡി.ആർ.എസ് എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട പഞ്ചാബ് ടീം ക്യാപ്റ്റൻ സാം കറൻ മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് അമ്പയറോട് പരാതിപെട്ടെങ്കിലും ഫലമുണ്ടായില്ല.

ഈ ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു മുംബൈ. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പഞ്ചാബ് ബൗളർ എറിഞ്ഞത് വൈഡാണെന്ന് വിധിക്കുകയും ചെയ്തു. മുംബൈയുടെ നടപടി വ്യാപക വിമർശനത്തിനിടയാക്കുകയും ചെയ്തു. മുംബൈയെ സഹായിക്കാനുള്ള അമ്പയറുടെ ബോധപൂർവമായ നീക്കമാണിതെന്ന് ആരാധകർ കുറ്റപ്പെടുത്തി. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും വേണ്ടിയുള്ള ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.20 ഡേവിഡും പൊള്ളാർഡും ലംഘിച്ചെന്നും മാച്ച് ഫീയുടെ 20 ശതമാനം ഇരുവർക്കും പിഴ ചുമത്തിയെന്നും ഐ.പി.എൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

റിവ്യൂ നല്‍കുന്നതിന് പുറത്ത് നിന്നുള്ള സഹായം തേടുന്നത് തെറ്റാണ്. ഇതാണ് ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കാരണം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 19.1 ഓവറിൽ 183 റൺസിന് ഓൾ ഔട്ടായി.

Tags:    
News Summary - MI's Tim David, Batting Coach Kieron Pollard Fined For Helping SKY With DRS From Dugout vs PBKS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT