മനോജ് തിവാരി ക്രിക്കറ്റ് മതിയാക്കി; ക്രീസിലെ മന്ത്രിക്ക് സഹതാരങ്ങളുടെ യാത്രയയപ്പ്

കൊൽക്കത്ത: ബംഗാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സംസ്ഥാന കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റ് മതിയാക്കി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ബിഹാറിനെതിരായ അവസാന രഞ്ജി ട്രോഫി മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച മുൻ ഇന്ത്യൻ താരം കൂടിയായ തിവാരിക്ക് സഹതാരങ്ങൾ ഊഷ്മണ യാത്രയയപ്പ് നൽകി. കഴിഞ്ഞ വർഷം ടീമിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച തിവാരി, പുതിയ സീസണിന് മുമ്പ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർഥനപ്രകാരം ഒരു സീസണിൽ കൂടി ടീമിനെ നയിക്കാൻ തയാറാവുകയായിരുന്നു. 

ബംഗാൾ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിലൊരാളായ മനോജ് തിവാരി 19 വർഷത്തോളം ടീമിനായി ഇറങ്ങിയ ശേഷമാണ് കളം വിടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ ബംഗാൾ താരമെന്ന നേട്ടം സ്വന്തമാക്കിയ തിവാരിക്ക് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്വർണ ബാറ്റ് സമ്മാനിച്ചു. രഞ്ജി ട്രോഫി മത്സരത്തിന് ശേഷം സഹതാരങ്ങളുടെ ഊഷ്മള യാത്രയയപ്പും ഉണ്ടായിരുന്നു.

ഇന്ത്യക്കായി 12 ഏകദിനങ്ങളിൽ 287 റൺസാണ് സമ്പാദ്യം. വെസ്റ്റിൻഡീസിനെതിരെ 2011ൽ നേടിയ 104 റൺസാണ് ഉയർന്ന സ്കോർ. മൂന്ന് ട്വന്റി 20 മത്സരങ്ങളിലും രാജ്യത്തിനായി ഇറങ്ങി. 148 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 47.86 ശരാശരിയിൽ 10,195 റൺസാണ് നേടിയത്. 30 സെഞ്ച്വറി നേടിയ താരത്തിന്റെ ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 303 റൺസാണ്. ലിസ്റ്റ് എ മത്സരങ്ങളിൽ 5,581 റൺസും ട്വന്റി 20യിൽ 3,436 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ഡെയർഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ്, റൈസിങ് പുണെ സൂപ്പർ ജയന്റ്സ് എന്നിവക്ക് വേണ്ടിയും കളത്തിലിറങ്ങി. 

Tags:    
News Summary - Manoj Tiwari retires from cricket; farewell from teammates to the minister in crease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.