സിഡ്നി: ട്വന്റി20 ലോകകപ്പിലെ വിധിദിനമായിരുന്നു ഞായറാഴ്ച. രണ്ടു ഗ്രൂപുകളിൽനിന്നായി ഏതൊക്കെ ടീമുകൾ നോക്കൗട്ട് കാണുമെന്ന് ഉറപ്പാക്കിയ കളികൾ നടന്ന ദിനം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ബംഗ്ലദേശ് ടീമുകൾ നോക്കൗട്ട് തേടി അങ്കംകുറിച്ച ഗ്രൂപ് രണ്ടിലായിരുന്നു ആകാംക്ഷ കൂടുതൽ. ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സുമാർ അട്ടിമറിച്ചതോടെ ഗ്രൂപ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിലെത്തി. ഇന്ത്യ- സിംബാബ്വെ മത്സരം അതോടെ താരതമ്യേന അപ്രസക്തവുമായി. എന്നിട്ടും 25 പന്തിൽ 61 അടിച്ച് സൂര്യകുമാർ പതിവുപോലെ രാജകീയ പോരാട്ടവുമായി മുന്നിൽനിന്നു. നിർണായകമായ പാക്- ബംഗ്ലദേശ് പോരിൽ ജയിച്ച പാകിസ്താൻ ഗ്രൂപിൽനിന്ന് യോഗ്യത നേടുന്ന രണ്ടാമന്മാരായി. ഇതിനിടെയാണ് വൈറലായ സന്ദേശവുമായി നെതർലൻഡ്സ് താരം എത്തുന്നത്.
പ്രോട്ടീസിനെ വീഴ്ത്തിയതോടെ പാകിസ്താനെ ഗ്രൂപിൽ മൂന്നാം സ്ഥാനത്തെത്തിച്ചിരുന്നു, നെതർലൻഡ്സ്. ഇതോടെ, ജയിച്ചാൽ പാകിസ്താന് സെമി പ്രവേശനം മാത്രമല്ല, ഡച്ചുകാർക്ക് നാലാം സ്ഥാനവും അടുത്ത ലോകകപ്പിൽ യോഗ്യതയും ഉറപ്പാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് മൈതാനത്തിറങ്ങുന്ന പാക് നായകൻ ബാബർ അഅ്സമിനോടായി ഡച്ച് താരം പറഞ്ഞത്, ''നിങ്ങൾ ജയിക്കുന്നുവെന്ന് ഉറപ്പാക്കുക. അപ്പോൾ ഞങ്ങൾ നാലാമതെത്തും''. നാലാം സ്ഥാനക്കാർക്ക് 2024ലെ ട്വന്റി20 ലോകകപ്പ് കളിക്കാൻ യോഗ്യത ലഭിക്കുമെന്നതായിരുന്നു സൂചന.
വിഡിയോ പാക് താരം ഷുഐബ് അക്തർ പങ്കുവെച്ചു.
കളിയിൽ ബംഗ്ലദേശിനെ 127ന് ചുരുട്ടിക്കെട്ടിയാണ് പാകിസ്താൻ ജയവും സെമിയും പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.