ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 16 റൺസ് തികച്ചതോടെയാണ് സുപ്രധാന നേട്ടം മുൻനായകന്റെ പേരിലായത്.
അഞ്ചാം ലോകകപ്പ് കളിക്കുന്ന കോഹ്‌ലി സ്വന്തം അക്കൗണ്ടിൽ ഇതുവരെ 1065 റൺസ് ചേർത്തു. രണ്ടാമനായ ശ്രീലങ്കയുടെ മഹേല ജയവർധന 31 കളിയിൽ 1016 റൺസാണ് കുറിച്ചിരിക്കുന്നത്. വെസ്റ്റിൻഡീസ് ബാറ്റർ ക്രിസ് ഗെയ്‍ലിന് (965) പിന്നിൽ നാലാമനായി ഇന്ത്യൻ നായകൻ രോഹിത് ശർമയുണ്ട് (921).
37 ലോകകപ്പ് മത്സരങ്ങൾ കളിച്ച ഏക താരംകൂടിയാണ് രോഹിത്. 220 റൺസുമായി ഇക്കുറി മുന്നിലാണ് കോഹ്‍ലി. റൺ വേട്ടയിൽ തന്നെ മറികടന്ന കോഹ്‌ലിയെ ജയവർധന വാനോളം പുകഴ്ത്തി. 'റെക്കോഡുകൾ തകർക്കാനുള്ളതാണ്. ആരെങ്കിലും എപ്പോഴെങ്കിലും എന്റെ റെക്കോർഡ് തകർക്കുമായിരുന്നു, അത് നിങ്ങളായി, വിരാട്. മിടുക്കനായ സുഹൃത്തേ, അഭിനന്ദനങ്ങൾ. നിങ്ങൾ ഒരു പോരാളിയാണ്' -ഐ.സി.സി പങ്കുവെച്ച വിഡിയോയിൽ ജയവർധന പറഞ്ഞു.
ഫോം താൽക്കാലികമാണ്, പക്ഷേ ക്ലാസ് ശാശ്വതവും. കൊള്ളാം, സുഹൃത്തേയെന്നും അദ്ദേഹം പറഞ്ഞു. കെ.പി. രാഹുലിന്‍റെയും കോഹ്‌ലിയുടെും അർധസെഞ്ച്വറി പ്രകടനത്തിലാണ് നിർണായക മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച സ്കോർ കണ്ടെത്തിയത്. കോഹ്‌ലി 44 പന്തിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്നു.
ട്വന്‍റി20 ലോകകപ്പിൽ താരത്തിന്‍റെ 12ാമത്തെ അർധസെഞ്ച്വറിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.