അർധ സെഞ്ച്വറി നേടിയ മാർക്രമിന്‍റെ ബാറ്റിങ്
ജയ്പുർ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 181 റൺസ് വിജയലക്ഷ്യം. ഓപണർ എയ്ഡൻ മാർക്രം (66), മധ്യനിരയിൽ ആയുഷ് ബദോനി (50) എന്നിവർ അർധ സെഞ്ച്വറികൾ നേടിയതോടെയാണ് ലഖ്നോ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിലെ നാല് സിക്സറടക്കം 10 പന്തിൽ 30 റൺസടിച്ച അബ്ദുൽ സമദിന്‍റെ വെടിക്കെട്ടാണ് സ്കോർ 180ൽ എത്തിച്ചത്. രാജസ്ഥാനു വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ എൽ.എസ്.ജി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് റൺസ് നേടിയ മിച്ചൽ മാർഷിനെയാണ് സന്ദർശകർക്ക് ആദ്യം നഷ്ടമായത്. കഴിഞ്ഞ മത്സരങ്ങളിൽ വമ്പൻ സ്കോർ നേടിയ നിക്കോളസ് പുരാൻ 11 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് പതിവു പോലെ മോശം ഫോമിൽ തുടർന്നു. ഒമ്പത് പന്തിൽ മൂന്ന് റൺസാണ് നായകന്‍റെ സംഭാവന. എട്ടാം ഓവറിൽ പന്ത് കൂടാരം കയറിതോടെ സ്കോർ മൂന്നിന് 54 എന്ന നിലയിലായി.
പിന്നീടൊന്നിച്ച മാർക്രം - ബദോനി സഖ്യം എൽ.ജി.യെ കരകയറ്റി. 76 റൺസ് പിറന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് മാർക്രമിനെ പരാഗിന്‍റെ കൈകളിലെത്തിച്ച ഹസരംഗയാണ് തകർത്തത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 66 റൺസാണ് താരം നേടിയത്. അർധ ശതകം പൂർത്തിയാക്കിയതിനു പിന്നാലെ 18-ാം ഓവറിൽ ദുബെക്ക് ക്യാച്ച് നൽകി ബദോനിയും മടങ്ങി. അവസാന ഓവറിൽ സമദിന്‍റെ വെടിക്കെട്ടോടെയാണ് എൽ.എസ്.ജി ഇന്നിങ്സ് അവസാനിപ്പിച്ചത്. സമദ് 30ഉം ഡേവിഡ് മില്ലർ ഏഴും റൺസുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.