ഇന്ത്യ-പാകിസ്താൻ മത്സരം നടക്കട്ടെ; ഹരജി പരിഗണിക്കാതെ സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീംകോടതി. ഹരജി നാളെ തന്നെ ലിസ്റ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്‍ണോയ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരാമർശിച്ചത്.

ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരായ പൊതുതാൽപര്യ ഹരജി നാളെ തന്നെ പരിഗണിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. എന്തിനാണ് ഹരജി ഇത്രയും തിടുക്കത്തിൽ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റിസ് ജെ.കെ മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം. അതിൽ ഞങ്ങൾ എന്തുചെയ്യാനാണ് മത്സരം നടക്കട്ടെയെന്ന് കോടതി പറഞ്ഞു. ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരായ മൂന്ന് പേർ ചേർന്നാണ് പൊതുതാൽപര്യ ഹരജി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നത് ദേശീയതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. പാകിസ്താനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണൽ സ്​പോർട്സ് ഫെഡറേഷന് കീഴിൽ കൊണ്ടു വരണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐ.സി.സിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യൻ ടീമിന് പാകിസ്താനെതിരെ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഐ.സി.സി ടൂര്‍ണമെന്‍റുകളിലായാലും ഇന്ത്യ പാകിസ്താനിലോ പാകിസ്താൻ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

Tags:    
News Summary - 'Let Match Go On': Supreme Court Declines Urgent Listing Of Plea To Cancel India-Pakistan Asia Cup Cricket Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.