‘ആ പന്ത് എങ്ങോട്ടാണ് തിരിഞ്ഞത്?’ അസാധ്യ പന്തിൽ മിച്ചലിന്റെ വിക്കറ്റെടുത്ത് കുൽദീപ്- വിഡിയോ

റണ്ണൊഴുകാൻ മടിച്ച ലഖ്നോ മൈതാനമൊരുക്കിയ ക്യറേറ്റർ പഴിയേറെ കേട്ടുകഴിഞ്ഞിട്ടുണ്ടാകും. കുട്ടിക്രിക്കറ്റെന്നാൽ വിക്കറ്റുവീഴ്ചയെക്കാൾ റൺവേട്ടയെന്നതാണ് അലിഖിത പ്രണാമം. പക്ഷേ, ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 100 റൺസിലൊതുങ്ങിയതും മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യ അത്രയും റൺസിലെത്താൻ 20 ഓവറും ക്രീസിൽ നിൽക്കേണ്ടിവന്നതുമാണ് കൗതുകമായത്. ഇരുനിരയിലും പന്തെടുത്തവർ വെളിച്ചപ്പാടായ ദിവസമായിരുന്നു ഞായറാഴ്ച.

അതിനിടെ, കുൽദീപ് യാദവ് എന്ന സ്പിൻ മാന്ത്രികന്റെ പന്തിൽ പിറന്ന അപൂർവ വിക്കറ്റാണ് ഏറ്റവും ശ്രദ്ധേയമായത്. ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ചുചെയ്ത പന്ത് വെട്ടിത്തിരിഞ്ഞ് സ്റ്റമ്പുകൾ കണക്കാ​ക്കി എത്തുമെന്ന് ബാറ്റർ ഡാരിൽ മിച്ചൽ കണക്കുകൂട്ടിയിരുന്നില്ല. പതിവുപോലെ പ്രതിരോധിച്ചുനിന്ന താരത്തെ കബളിപ്പിച്ച് പന്ത് ഓഫ്സ്റ്റമ്പിൽ പതിച്ചു. സ്തബ്ധനായി നിന്നുപോയ താരം തിരിഞ്ഞുനടക്കുമ്പോഴും എന്തുസംഭവിച്ചെന്നതിനെ കുറിച്ച് വലിയ ധാരണകളില്ലായിരുന്നു. മുമ്പ് ബാബർ അഅ്സം, എയ്ഡൻ മർക്രം, ദാസുൻ ഷനക എന്നിവരെയും സമാനമായ ബൗളിങ്ങിൽ താരം പുറത്താക്കിയിരുന്നു. 

ഭാരത് രത്ന അടൽ ബിഹാരി വാജ്പെയ് ക്രിക്കറ്റ് മൈതാനത്തായിരുന്നു മത്സരം. 20ാം ഓവറിലെ അഞ്ചാം പന്തു വരെ നീണ്ട ചേസിങ്ങിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ഇരട്ട സെഞ്ചൂറിയൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെ പ്രമുഖരൊക്കെയും അതിവേഗം മടങ്ങിയ ഇന്ത്യൻ നിരയിൽ ആരും വലിയ സ്കോർ എടുത്തില്ല. അവസാന ഓവറിൽ വേണ്ട ആറു റൺസ് സ്വന്തമാക്കാൻ പോലും സൂര്യകുമാർ- ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ട് ശരിക്കും പണിപ്പെടുന്നതും കണ്ടു.

ബൗളിങ്ങിൽ ചഹൽ, കുൽദീപ്, ഹാർദിക്, ഹൂഡ, വാഷിങ്ടൺ സുന്ദർ എന്നിവരൊക്കെയും ഓരോ വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് സിങ് രണ്ടു വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - Kuldeep Yadav Outwits Daryl Mitchell With Unplayable Delivery In 2nd T20I Against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.