ഐ.പി.എല്ലിൽ അതിവേഗത്തിൽ 4000 റൺസ്; റെക്കോഡ് ഇനി കെ.എൽ. രാഹുലിന് സ്വന്തം; മറികടന്നത് ക്രിസ് ഗെയ്‍ലിനെ

ലഖ്നോ: ഐ.പി.എല്ലിൽ അതിവേഗത്തിൽ 4000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി ലഖ്നോ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ. രാഹുലിന് സ്വന്തം. പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിലാണ് ഇന്ത്യൻ ബാറ്റർ റെക്കോഡ് കുറിച്ചത്. മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലിനെയാണ് രാഹുൽ മറികടന്നത്.

105 ഇന്നിങ്സുകളിൽനിന്നാണ് രാഹുൽ 4000 റൺസ് ക്ലബിലെത്തുന്നത്. ക്രിസ് ഗെയിൽ 4000 റൺസിലെത്താൻ 112 ഇന്നിങ്സുകളെടുത്തു. ഓസീസ് താരം ഡേവിഡ് വാർണർ (114 ഇന്നിങ്സ്), വിരാട് കോഹ്ലി (128 ഇന്നിങ്സ്), എബി ഡി വില്ലിയേഴ്സ് (131 ഇന്നിങ്സ്) എന്നിവരാണ് തൊട്ടുപുറകിലുള്ളത്.

പഞ്ചാബിനെതിരായ മത്സരത്തിൽ സ്‌കോർ 30ൽ എത്തിയപ്പോഴാണ് താരം ഈ കടമ്പ കടന്നത്. 56 പന്തിൽ 74 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. എന്നാൽ, മത്സരത്തിൽ രണ്ടു വിക്കറ്റിന് ലഖ്നോ പഞ്ചാബിനോട് പരാജയപ്പെട്ടു. ഏറ്റവും വേഗത്തിൽ 3000 ഐ.പി.എൽ റൺസ് (80 ഇന്നിങ്സ്) തികച്ച രണ്ടാമത്തെ താരവും രാഹുലാണ്. ഗെയിലാണ് ഈ നിരയിൽ മുന്നിൽ.

എന്നാൽ, ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച ഇന്ത്യൻ താരം കൂടിയാണ് രാഹുൽ. 60 ഇന്നിങ്സുകളിലാണ് ഈ നേട്ടം. പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പവും രാഹുൽ ഐ.പി.എൽ കളിച്ചിട്ടുണ്ട്. 4,044 റൺസാണ് ഐ.പി.എല്ലിൽ താരത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. ശരാശരി 47.02. സ്ട്രൈക്ക് റേറ്റ് 135.16. നാലു സെഞ്ച്വറിയും 32 അർധ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്. 132 ആണ് ബെസ്റ്റ് സ്കോർ.

Tags:    
News Summary - KL Rahul fastest to 4,000 runs in Indian Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.