പീലിവിടർത്തി ഗെയിൽ; തുടർച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് നാലാമത്

ഐ.പി.എല്ലി​​െൻറ ആദ്യ പകുതിയിൽ തന്നെ പുറത്തിരുത്തിയ കിങ്​സ്​ ഇലവൻ പഞ്ചാബിനോട് കണക്കുതീർത്ത് വെടിക്കെട്ടുവീരൻ ക്രിസ്​ ഗെയിൽ. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെതിരെ നടന്ന നിർണായക മത്സരത്തിൽ എട്ട്​ വിക്കറ്റ്​ ജയമാണ്​ പഞ്ചാബ്​ സ്വന്തമാക്കിയത്​. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 7 പന്തുകള്‍ ബാക്കി നില്‍ക്കെ അവർ മറികടന്നു. ഒരു വശത്ത്​ വെടിക്കെട്ട്​ വീരൻ ക്രിസ്​ ഗെയിൽ കത്തിക്കയറിയപ്പോൾ മറുവശത്ത്​ ശ്രദ്ധയോടെ ബാറ്റ്​ വീശിക്കൊണ്ട്​ മൻദീപ്​ സിങ് ശക്​തമായ പിന്തുണ നൽകി.

29 പന്തിൽ 51 റൺസെടുത്ത ഗെയിലി​​െൻറ ബാറ്റിൽ നിന്ന് എണ്ണംപറഞ്ഞ​ അഞ്ച്​ സിക്​സുകളും രണ്ട്​ ഫോറുകളുമാണ്​ പിറന്നത്​. മൻദീപ്​ സിങ്​ 56 പന്തിൽ 66 റൺസുമായി വിക്കറ്റുപോവാതെ കാത്തു. കെ.എൽ രാഹുൽ 28 റൺസെടുത്ത്​ പുറത്തായിരുന്നു. ഇതുവരെ ഗെയിൽ പഞ്ചാബിന്​ വേണ്ടി കളിച്ചത്​ അഞ്ച്​ മത്സരങ്ങളാണ്​. അതിൽ അഞ്ചിലും വിജയിച്ചത് ഗെയിലി​െൻറ സാന്നിധ്യം ടീമിലുണ്ടാക്കിയ ഉണർവ് കാണിക്കുന്നു.

ജയത്തോടെ കെ.എൽ രാഹുലി​െൻറ ടീം​ പോയിൻറ്​ പട്ടികയിൽ നാലാമതായി മുന്നേറുകയും ചെയ്​തു. കൊൽക്കത്തക്കും പഞ്ചാബിനും 12 പോയിൻറുകളാണ്​ നിലവിലുള്ളത്​. എന്നാൽ റൺറേറ്റി​െൻറ ബലത്തിൽ പഞ്ചാബ്​ നാലാം സ്ഥാനത്തെക്ക് ഉയരുകയായിരുന്നു.

ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക്​ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയായിരുന്നു ലഭിച്ചത്​. മൂന്നിന് 10 റണ്‍സെന്ന നിലയില്‍ നിന്നും ശുബ്മാന്‍ ഗില്ലും ഇയാന്‍ മോര്‍ഗനും കൂടിയാണ്​ സ്​കോർ ഉയർത്തിയത്​. 45 പന്തിൽ 57 റൺസെടുത്ത ഗില്ലും 25 പന്തിൽ 40 റൺസെടുത്ത മോർഗനും വാലറ്റത്ത് 13 പന്തിൽ 24 റൺസുമായി​ പൊരുതിയ ലോക്കി ഫെർഗൂസനുമല്ലാതെ കെ.കെ.ആറിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. മുഹമ്മദ്​ ഷമി പഞ്ചാബിന്​ വേണ്ടി മൂന്ന്​ വിക്കറ്റുകൾ​ പിഴുതു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.