'അച്ചടക്കലംഘനം ആര് നടത്തിയാലും മുഖം നോക്കാതെ നടപടി'; ശ്രീശാന്തിന് നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്ന് കെ.സി.എ


തിരുവനന്തപുരം: ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജു സാംസണെ പിന്തുണച്ചതിനല്ലെന്നും അസ്സോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണെന്നും കേരള ക്രിക്കറ്റ് അസോസിഷൻ. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും കെ.സി.എ പ്രസ്താവനയിൽ പറഞ്ഞു.

കേരള ക്രിക്കറ്റ് അസ്സോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാതുവെയ്‌പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബി.സി.സി.ഐ ആജീവനത വിലക്ക് ഏർപ്പെടുത്തിയത്. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെങ്കിലും വാതുവെപ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.

സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേൾഡ് കപ്പ് ജേതാക്കളുടെ ടീമിൽ ജോഷിത വി.ജെ, അണ്ടർ 19 ടീമില്‍ നജ്‌ല സി.എം.സി, പുരുഷ അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു. അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസ്സോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീർത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുക്കും -കെ.സി.എ വ്യക്തമാക്കി. 

Tags:    
News Summary - KCA press release on Sreesanth show cause notice controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.