ജയേഷ് ജോർജ്
മുംബൈ: വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യു.പി.എൽ) പുതിയ നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രസിഡന്റ് ജയേഷ് ജോർജാണ് പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. മുംബൈയിൽ നടന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ചെയർമാൻ സ്ഥാനത്തേക്ക് ജയേഷ് ജോർജിനെ തെരഞ്ഞെടുക്കപ്പെട്ടത്. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ ചെയർമാനാണ് ജയേഷ് ജോർജ്.
എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചാണ് ജയേഷ് ജോർജ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2022ൽ കെ.സി.എ പ്രസിഡന്റ് ആകുന്നതിന് മുമ്പ് 2019ൽ ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ.സി.എ പ്രസിഡന്റ് ആയിരിക്കെ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ആദ്യ രണ്ട് സീസണുകൾ വിജയകരമായി പൂർത്തീകരിച്ചതും സംസ്ഥാനത്ത് ശക്തമായ ജനപ്രീതി നേടിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചവരിൽ പ്രധാനിയാണ് ജയേഷ് ജോർജ്. അതിനാൽ വനിതാ പ്രീമിയർ ലീഗ് സുഖകരമായി നടത്തിക്കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മിഥുൻ മൻഹാസിനെയും ദേശീയ വനിതാ ടീം മുഖ്യ സെലക്ടറായി മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്ററായ അമിത ശർമയെ കമ്മിറ്റി തെരഞ്ഞെടുത്തു. മുൻ വനിതാതാരം ശ്യാമ ദേവ്, സുലക്ഷണ നായിക്, ജയ ശർമ, ശ്രാവന്തി നായിഡു എന്നിവരെയും പുതിയ ടീം സെക്ഷൻ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യം സ്ത്രീശക്തിയെ ആദരിക്കുന്ന നവരാത്രി ആഘോഷങ്ങളുടെ വേളയിൽ ഇത്തരമൊരു പദവി ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ച ബി.സി.സി.ഐക്കും എനിക്ക് പിന്തുണ നൽകിയ കേരള ക്രിക്കറ്റ് അസോസിയേഷനും ഞാൻ നന്ദി പറയുന്നതായി ജയേഷ് ജോർജ് പറഞ്ഞു. വനിതാ പ്രീമിയർ ലീഗ് മികച്ചതാക്കി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.