'നാല് ഇമ്പാക്ട് സബ്ബുകൾ ഇവരാണ്'; ടോസിനിടെ ഇന്ത്യയെ പരസ്യമായി പരിഹസിച്ച് ബട്ലർ

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യ 150 റൺസിന്‍റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് വിജയിച്ചു. നാലാം മത്സരത്തിൽ ശിവം ദുബെക്ക് പകരം ഹർഷിത് റാണയെ കൺകഷൻ സബ്സ്റ്റ്യൂറ്റായി ഇന്ത്യ കളത്തിൽ ഇറക്കിയത് വിവാദമായിരുന്നു. മത്സരത്തിന് ശേഷം അത് ന്യായമായി തോന്നിയില്ലെന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറടക്കം പലരും അഭിപ്രായപ്പെട്ടു.

അഞ്ചാം മത്സരത്തിലും ഇംഗ്ലണ്ട് ടീം അത് വിട്ടില്ല. ടോസിനിടെ നാലാം മത്സരത്തിലെ സംഭവം ബട്ലർ വീണ്ടും വലിച്ചിടുന്നുണ്ട്. ടോസ് ലഭിച്ച് ബൗളിങ് തെരഞ്ഞടുത്തതിന് ശേഷം ഇംഗ്ലണ്ട് നായകൻ തങ്ങളുടെ ടീമിലെ മാറ്റങ്ങളെ കുറിച്ച് പറയുകയും പിന്നീട് നാല് ഇമ്പാക്ട് സബ്ബ് ഉണ്ടെന്നും പറഞ്ഞു. 

' ഞങ്ങൾ നല്ല ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ അത് മികച്ചതമാക്കാമായിരുന്നു. മത്സരത്തിലെ മികച്ച നിമിഷങ്ങളെ ഒന്നിച്ച് ചേർക്കാൻ സാധിച്ചില്ല. എന്നാലും ടീമിൽ നല്ല വൈബുണ്ട്, നല്ല കാണികളുമാണ്. മാർക്ക് വുഡ് തിരിച്ചെത്തും. ടീമിൽ നാല് ഇമ്പാക്ട് സബ്ബ് ഉണ്ടാകുന്നതാണ്,' ടോസിനിടെ ബട്ലർ പറഞ്ഞു.ലീഗ് കളികളിലുള്ള ഇമ്പാക്ട് സബ്ബ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യ കഴിഞ്ഞ കളി ദുബെക്ക് പകരം ഹർഷിത് റാണയെ ഇറക്കിയത് ഇമ്പാക്ട് സബ് പോലെയാണെന്ന് ബട്ലർ പറയാതെ പറയുന്നു.

അതേസമയം ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച തീരുമാനം തെറ്റായെന്ന് ആദ്യ ഓവർ മുതൽ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ തിരിച്ചറിഞ്ഞു. ആർച്ചറുടെ ആദ്യ ഓവറിൽ നന്നായി തല്ലി പ്രതീക്ഷ നൽകിയ സഞ്ജു 16 ൺസുമായി മടങ്ങിയെങ്കിലും അഭിഷേകിന്‍റെ ബാറ്റ് മൈതാനത്ത് തീ പടർത്തി. 17 പന്തിൽ അർധ സെഞ്ച്വറി തികച്ച അഭിഷേക് 18 പന്ത് കൂടിയെടുത്ത് 100 കടന്നു. 35 പന്തിൽ ശതകം നേടിയ രോഹിത് മാത്രമാണ് ഇന്ത്യക്കാരിൽ താരത്തിന് മുന്നിൽ. കൂട്ടു നൽകേണ്ടവർ പലപ്പോഴായി കൂടാരം കയറിയപ്പോഴും ആധികളില്ലാതെ നങ്കൂരമിട്ട അഭിഷേക്, സ‌്പിന്നും പേസുമെന്ന വ്യത്യാസമില്ലാതെ പന്തുകൾ അതിർത്തി കടത്തി.

13 സിക്സറാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. ഇതിനൊപ്പം ഏഴു ഫോറുമടിച്ച് 135 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ശിവം ദുബെ 30ഉം തിലക് വർമ 24ഉം റൺസെടുത്തു. ബ്രൈഡൻ കാഴ്‌സ് മൂന്നും മാർക് വുഡ് രണ്ടും വിക്കറ്റു വീഴ്ത്തി. അർഷ്ദീപ് സിങ്ങിന് പകരം ടീമിലിടം ലഭിച്ച മുഹമ്മദ് ഷമി വരെ ബാറ്റെടുത്തപ്പോഴും ഇന്ത്യൻ ഇന്നിങ്സ് കുതിച്ചുകൊണ്ടിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് അതിവേഗം തകരുന്നതായിരുന്നു കാഴ്‌ച. ഓപണർ ബെൻ ഡക്കറ്റിനെ മടക്കി മുഹമ്മദ് ഷമി തുടക്കമിട്ടത് ഒടുക്കം താരം തന്നെ പൂർത്തിയാക്കി. വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തപ്പോൾ 11-ാം ഓവർ എറിഞ്ഞ് ഷമി അവസാന രണ്ടുവിക്കറ്റും വീഴ്ത്തി കളി തീരുമാനമാക്കി. ഇരു ടീമുകളും തമ്മിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച‌ നടക്കും. അഭിഷേക് കളിയിലെ താരമായപ്പോൾ വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരമായത്.

Tags:    
News Summary - Jos butler takes a dig at Indian team about "Impact Sub'' during toss in last game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.