ആർ.സി.ബിക്കെതിരെ ബൗണ്ടറി നേടുന്ന ഇഷാൻ കിഷൻ
ലഖ്നോ: തകർപ്പൻ ഇന്നിങ്സുമായി ഇഷാൻ കിഷൻ ക്രീസ് വാണപ്പോൾ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐ.പി.എൽ ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് അടിച്ചുകൂട്ടി. 48 പന്തിൽ ഏഴു ഫോറും അഞ്ചു സിക്സുമടക്കം പുറത്താകാതെ 94 റൺസെടുത്ത ഇഷാന്റെ ഗംഭീര ഇന്നിങ്സാണ് സൺറൈസേഴ്സിന് കരുത്തു പടർന്നത്.
വാജ്പേയി സ്റ്റേഡിയത്തിൽ ആർ.സി.ബിക്കെതിരെ ബാറ്റുമായിറങ്ങിയ ഓപണർമാർ തകർപ്പൻ തുടക്കമാണ് ഹൈദരാബാദിന് സമ്മാനിച്ചത്. അഭിഷേക് ശർമയും (17 പന്തിൽ 34), ട്രാവിസ് ഹെഡും (10 പന്തിൽ 17) ആക്രമണാത്മക മൂഡിൽ നിലയുറപ്പിച്ചതോടെ ഒന്നാം വിക്കറ്റിൽ 3.5 ഓവറിൽ 54 റൺസ് സ്കോർബോർഡിലെത്തി. എന്നാൽ, ഒരു റൺപോലും കൂട്ടിച്ചേർക്കും മുമ്പ് മൂന്നു പന്തിനിടെ ഇരുവരും പവലിയനിൽ തിരിച്ചെത്തിയപ്പോൾ സ്കോർ രണ്ടിന് 54.
പിന്നീടെത്തിയ ഹെന്റിക് ക്ലാസനും (13 പന്തിൽ 24) അനികേത് വർമയും (ഒമ്പത് പന്തിൽ 26) കിഷനൊത്ത കൂട്ടാളികളായതോടെ റൺനിരക്ക് കുതിച്ചുയർന്നു. കൂറ്റനടിക്കിടെ ഇരുവരും മടങ്ങിയശേഷമെത്തിയ നിതീഷ് കുമാർ റെഡ്ഡിക്കും (നാല്) അഭിനവ് മനോഹറിനും (12) തിളങ്ങാനായില്ല. പിന്നീട് അഭേദ്യമായ ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് (ആറു പന്തിൽ 13 നോട്ടൗട്ട്) ഒപ്പം 43 റൺസ് ചേർത്ത കിഷൻ വമ്പൻ സ്കോറിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.
ബെംഗളൂരുവിന് വേണ്ടി റോമിയോ ഷെഫേഡ് രണ്ടു വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ, ലുംഗി എൻഗിഡി, സുയാഷ് ശർമ, ക്രൂനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.