ബുംറ ഇന്ത്യയുടെ ക്രിസ്റ്റ്യാനോ; ചാമ്പ്യൻസ് ട്രോഫിക്ക് താരമില്ലെങ്കിൽ ക്രിസ്റ്റ്യാനോ ഇല്ലാത്ത ലോകകപ്പിനു സമാനമെന്നും മുൻ ഇംഗ്ലണ്ട് പേസർ

ന്യൂഡൽഹി: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് താരതമ്യപ്പെടുത്തി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ബുംറയില്ലെങ്കിൽ അത് ക്രിസ്റ്റ്യാനോ ഇല്ലാത്ത ഫിഫ ലോകകപ്പ് പോലെയാകുമെന്നും ഹാർമിസൺ പ്രതികരിച്ചു.

പരിക്കേറ്റ ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ബി.സി.സി.ഐ ഫിറ്റ്നസ് വിദഗ്ധരുടെ മേൽനോട്ടത്തില്‍ ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറ നെറ്റ്സില്‍ ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. എന്നാൽ, താരത്തിന് ഫിറ്റ്‌നസ് ടെസ്റ്റ് കടക്കാനാകുമോ എന്ന് വ്യക്തമല്ല. ഈമാസം 15നാണ് ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യന്‍ ടീം ദുബൈയിലേക്ക് യാത്ര തിരിക്കുന്നത്.

കഴിഞ്ഞ മാസം സിഡ്നിയില്‍ ആസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ചാം ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റ ശേഷം ബുംറ മത്സങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല.

ഓസീസിനെതിര അഞ്ച് മത്സരങ്ങളില്‍നിന്ന് ബുംറ നേടിയത് 32 വിക്കറ്റുകളാണ്. ഒരു വിദേശ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. എന്നാൽ, ബുംറയെ ഇന്ത്യ സ്ക്വാഡിൽ നിലനിർത്തണമെന്നാണ് ഹാർമിസൺ പറയുന്നത്. അതാണ് ബുംറ, അദ്ദേഹത്തിന് ഒരിക്കലും പകരക്കാരനില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. ചാമ്പ്യൻസ് ട്രോഫി ഫൈനൽ ദിവസത്തം രാവിലെ വരെ താരത്തിൽ പ്രതീക്ഷ അർപ്പിക്കണമെന്നും ഇംഗ്ലീഷ് താരം പറഞ്ഞു.

ബുംറയുടെ അസാന്നിധ്യം മികച്ച സ്ട്രൈക്കറില്ലാതെ ടീം ലോകകപ്പ് കളിക്കാൻ പോകുന്നതു പോലെയാകും. ഗ്രൂപ്പ് റൗണ്ടിൽ താരത്തിന് കളിക്കാനാകില്ലെങ്കിലും ബുംറയെ സ്ക്വാഡിൽ ഉൾപ്പെടുത്തണം. അങ്ങനെയെങ്കിൽ നോക്കൗട്ടിൽ കളിപ്പിക്കാനാകുമെന്നും ഹാർമിസൺ പ്രതികരിച്ചു. ഈമാസം 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരം. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ പാകിസ്താൻ, ന്യൂസിലൻഡ് ടീമുകളുമുണ്ട്.

Tags:    
News Summary - Is Jasprit Bumrah India's 'Ronaldo'? Steve Harmison thinks so

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.