2025ൽ ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം, 2008ൽ ഐ.പി.എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീം
ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തെ ഉന്നതങ്ങളിലെത്തിക്കുന്ന ഡീലാണ് കഴിഞ്ഞ ദിവസം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും രാജസ്ഥാൻ റോയൽസിനെയും റെക്കോഡ് തുകക്ക് പുതിയ ഉടമകൾ സ്വന്തമാക്കി. കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ, ബി.സി.സി.ഐ എന്നിവയുടെ ഉൾപ്പെടെ അനുമതിക്കുശേഷം വിൽപന പ്രാബല്യത്തിൽവരും. നിലവിലെ ഉടമകളായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യു.എസ്.എൽ) റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിലെ 100 ശതമാനം ഓഹരിയും 16,660 കോടി രൂപക്കാണ് വിറ്റത്. വാങ്ങിയത് ആദിത്യ ബിർള ഗ്രൂപ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്, ലോകത്ത് ഏറ്റവും പ്രമുഖ സ്പോർട്സ് നിക്ഷേപകരിലൊരാളായ ഡേവിഡ് ബ്ലിസറിന്റെ പ്രൈവറ്റ് നിക്ഷേപക സ്ഥാപനമായ ബോൾട്ട് വെഞ്ചേ്വഴ്സ്, ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ബ്ലാക് സ്റ്റോൺ എന്നിവരടങ്ങിയ കൺസോർട്യം. ആർ.സി.ബിയുടെ വിമൻസ് പ്രീമിയർ ലീഗ് വനിതാ ടീം ഉൾപ്പെടെയാണ് വിൽപന.
2008ൽ മദ്യവ്യവസായി വിജയ് മല്യ തുടക്കമിട്ടതാണ് ആർ.സി.ബി. പിന്നീട് ഇദ്ദേഹത്തിന്റെ മദ്യക്കമ്പനിയായ യു.എസ്.എല്ലിനെ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, ആർ.സി.ബിയുടെ വനിതാ പ്രീമിയർ ലീഗ് ടീമിനുള്ള 540 കോടി രൂപയും വാങ്ങുന്നവർ ബി.സി.സി.ഐക്ക് നൽകേണ്ട അഞ്ച് ശതമാനം കമീഷനും ചേർത്താൽ ഇടപാട് തുക 18,776 കോടി രൂപയായി ഉയരും. കഴിഞ്ഞ സാമ്പത്തിക വർഷം ആർ.സി.പി.എല്ലിന്റെ മൊത്തം വരുമാനം 504 കോടി രൂപയാണ്. ആറ് മാസത്തിനകം ഡീൽ പൂർത്തിയാക്കാനാകുമെന്നാണ് യു.എസ്.എൽ പ്രതീക്ഷിക്കുന്നത്.
ഇടപാട് പൂർത്തിയാകുമ്പോൾ ആദിത്യ ബിർള ഗ്രൂപ് ഡയറക്ടർ ആര്യമാൻ വിക്രം ബിർള ആർ.സി.ബിയുടെ ചെയർമാനാകും. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിലെ സത്യൻ ഗജ്വാനിയായിരിക്കും വൈസ് ചെയർമാൻ. അമേരിക്കൻ വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർട്യമാണ് 15,290 കോടി രൂപക്ക് എമേർജിങ് മീഡിയ ഗ്രൂപ് ഉടമ മനോജ് ബദലെയിൽനിന്ന് രാജസ്ഥാൻ റോയൽസിനെ വാങ്ങിയത്. ഈ വിൽപന പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആർ.സി.ബിയുടെ വിൽപനയും പ്രഖ്യാപിച്ചത്. വാൾമാർട്ട് കുടുംബത്തിലെ റോബ് വാൾട്ടൺ, ഫോർഡ് മോട്ടോർ കമ്പനിയുടെ ഉടമകളായ ഹാംപ് കുടുംബം എന്നിവരാണ് കൺസോർട്യത്തിലെ മറ്റ് അംഗങ്ങൾ. 2021 മുതൽ കൽ സൊമാനിക്ക് ടീമിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.
രണ്ട് ടീമുകളുടെ മെഗാ വിൽപനയിലൂടെ ഐ.പി.എൽ ഉയരുന്നത് ആഗോള കായിക ഭീമന്മാരുടെ ഗണത്തിലേക്ക്. അമേരിക്കയിലെ നാഷനൽ ഫുട്ബാൾ ലീഗ് (എൻ.എഫ്.എൽ), ഇംഗ്ലീഷ് പ്രീമിയർ ലീഗ്, അമേരിക്കയിലെ നാഷനൽ ബാസ്കറ്റ്ബാൾ അസോസിയേഷൻ (എൻ.ബി.എ) എന്നിവക്കൊപ്പമാണ് ഇനി ഐ.പി.എല്ലിന്റെയും സ്ഥാനം. ബില്യൺ ഡോളർ ഫ്രാഞ്ചൈസി ലീഗ് എന്ന തലത്തിലേക്ക് ഉയരുന്ന ഐ.പി.എൽ ഭാവിയിൽ മറ്റ് ലീഗുകളെ മറികടക്കാനുള്ള സാധ്യതയുമുണ്ട്. മൂല്യം കൂടുമ്പോൾ പരസ്യ വരുമാനവും സംപ്രേഷണ വരുമാനവും വർധിക്കും. കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് എത്തുന്നതും സാമ്പത്തിക നേട്ടത്തിന് വഴിവെക്കും. വാൾമാർട്ട്, ബ്ലാക്സ്റ്റോൺ തുടങ്ങിയ വൻകിട അമേരിക്കൻ നിക്ഷേപകരുടെ വരവും ഐ.പി.എല്ലിന് മൊത്തത്തിൽ ഗുണമാകും.
ന്യൂഡൽഹി: ആർ.സി.ബിയുടെ വിൽപന വാർത്തക്കൊപ്പം ശ്രദ്ധനേടിയ പേരാണ് ആര്യമൻ വിക്രം ബിർളയുടേത്. ആദിത്യ ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനായ ഈ 28കാരനാണ് ഇനി ആർ.സി.ബിയുടെ ചെയർമാനാവുക. പ്രഫഷനൽ ക്രിക്കറ്റർ കൂടിയായ ആര്യമൻ നിലവിൽ ആദിത്യ ബിർള മാനേജ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ഡയറക്ടറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി കളിച്ചിട്ടുള്ള ആര്യമൻ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ 414 റൺസ് നേടിയിട്ടുണ്ട്.
2017ൽ ഒഡിഷക്കെതിരെയായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. 2018ലെ ഐ.പി.എൽ ലേലത്തിൽ 30 ലക്ഷം രൂപക്ക് രാജസ്ഥാൻ റോയൽസ് ആര്യമനെ ടീമിലെടുത്തു. എങ്കിലും ഐ.പി.എല്ലിൽ ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. ചില മത്സരങ്ങളിൽ പകരക്കാരനായി ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നു. മാനസിക സമ്മർദത്തെത്തുടർന്ന് 2020ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തു. പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു.
2008ൽ ഐ.പി.എൽ ആരംഭിക്കുമ്പോൾ എട്ട് ടീമുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ടീമുകളും ഇപ്പോഴുമുണ്ട്. ഒരു ടീമിനെ പുറത്താക്കി. മൂന്ന് ടീമുകളെ പുതുതായി ഉൾപ്പെടുത്തി. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകളാണ് ഇപ്പോഴും അതേപടി തുടരുന്നത്. കിങ്സ് ഇലവൻ പഞ്ചാബ്, പഞ്ചാബ് കിങ്സ് എന്നും ഡെൽഹി ഡെയർഡെവിൾസ്, ഡൽഹി കാപിറ്റൽസ് എന്നും പേരുമാറ്റി.
സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് കളിക്കാരുടെ ശമ്പളവും ബി.സി.സി.ഐയുടെ ഫീസും കുടിശ്ശികയാക്കിയ ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കി. പകരം 2013ൽ സൺറൈസേഴ്സ് ഹൈദരാബാദ് എന്ന പുതിയ ഫ്രാഞ്ചൈസി രംഗത്തെത്തി. 2022ൽ ഗുജറാത്ത് ടൈറ്റൻസും ലഖ്നോ സൂപ്പർ ജയന്റ്സും ഐ.പി.എല്ലിൽ എത്തി. 2011ൽ കൊച്ചി ടസ്കേഴ്സ് കേരള വന്നെങ്കിലും ഒരു സീസൺ മാത്രമാണ് നിലനിന്നത്. അതേവർഷം എത്തിയ പുണെ വാരിയേഴ്സ് 2013ലും ഐ.പി.എല്ലിൽനിന്ന് പുറത്തായി.
കഴിഞ്ഞ വർഷം മാർച്ചിൽ ടോറന്റ് ഗ്രൂപ് ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികൾ സി.വി.സി കാപിറ്റൽ പാർട്ണേഴ്സിൽനിന്ന് ഏറ്റെടുത്തത് 5000 കോടി രൂപക്കാണ്. ഇതോടെ ടീമിന്റെ മൊത്തം മുല്യം 7522 കോടി രൂപയായി ഉയർന്നു. 2021ൽ 5625 കോടി രൂപക്കാണ് സി.വി.സി കാപിറ്റൽ പാർട്ണേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. 2021ൽ പുതുതായെത്തിയ മറ്റൊരു ടീമായ ലക്നോ സൂപ്പർ ജയന്റ്സ് ഫ്രാഞ്ചൈസിയെ ആർ.പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ് സ്വന്തമാക്കിയത് 7090 കോടി രൂപക്കാണ്.
2008ൽ ഐ.പി.എല്ലിന് തുടക്കമിടുമ്പോൾ എട്ട് ഫ്രാഞ്ചൈസികളിൽ ഏറ്റവും വില കുറഞ്ഞത് രാജസ്ഥാൻ റോയൽസായിരുന്നു. ഏകദേശം 260-320 കോടി രൂപയായിരുന്നു അന്ന് ടീമിന്റെ വില. 18 വർഷങ്ങൾ കഴിഞ്ഞപ്പോൾ 24 മടങ്ങ് വർധനയാണ് ടീമിന്റെ മൂല്യത്തിലുണ്ടായത്. 446-485 കോടി രൂപയായിരുന്നു ആർ.സി.ബിയുടെ 2008ലെ വില. ഇതിൽനിന്ന് 35 മടങ്ങ് വർധനയാണ് ഇപ്പോൾ മൂല്യത്തിലുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.