പഞ്ചാബ് കിങ്സ് താരങ്ങൾ പരിശീലനത്തിൽ
അഹ്മദാബാദ്: ജൂൺ മൂന്നിന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടിക്കറ്റെടുത്തിട്ട് രണ്ട് ദിവസം കഴിഞ്ഞു. എതിരാളികളായെത്തുക പഞ്ചാബ് കിങ്സോ മുംബൈ ഇന്ത്യൻസോ? ഞായറാഴ്ച രാത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തോടെ ഇക്കാര്യത്തിൽ തീരുമാനമാവും. ഒന്നാം ക്വാളിഫയറിൽ ബംഗളൂരുവിനോട് തോറ്റ പഞ്ചാബിന് കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയേ തീരൂ. എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച അതേ വീര്യത്തോടെ ഫൈനലിലേക്കുള്ള അവസാന കടമ്പയും കടക്കാമെന്ന നിശ്ചയദാർഢ്യത്തിൽ മുംബൈയും.
പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരെന്ന പ്രൗഢിയോടെ മുല്ലൻപുരിലെ സ്വന്തം കാണികൾക്ക് മുന്നിൽ ഒന്നാം ക്വാളിഫയറിനിറങ്ങിയ പഞ്ചാബ് ദയനീയമായി തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത 101ന് പുറത്തായ ശ്രേയസ് അയ്യർക്കും സംഘത്തിനുമെതിരെ വെറും 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി തീർത്തു ആർ.സി.ബി. ബാറ്റർമാരും ബൗളർമാരും ഒരുപോലെ പരാജയമായ മത്സരം. ഓൾ റൗണ്ടർ മാർകോ ജാൻസന്റെയും സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെയും അഭാവം കിങ്സ് നിരയിൽ പ്രകടമായിരുന്നു. ഓപണർമാരായ പ്രഭ്സിംറാൻ സിങ്ങും പ്രിയാൻഷ് ആര്യയും മികച്ച തുടക്കം നൽകിയാൽ ബാക്കി കാര്യങ്ങൾ വഴിക്കുവരുമെന്നാണ് പ്രതീക്ഷ. അർഷ്ദീപ് സിങ്ങും കൈൽ ജാമീസണും അസ്മത്തുല്ല ഉമർസായിയുമടങ്ങുന്ന ബൗളിങ് നിരയും ഉത്തരവാദിത്തം നിർവഹിക്കണം.
മുംബൈയെ സംബന്ധിച്ച് ഓരോ മത്സരം കഴിയുമ്പോഴും ആത്മവിശ്വാസം കൂടുകയാണ്. ഗുജറാത്തിനെതിരെ 228 റൺസ് സ്കോർ ചെയ്ത ശേഷം കൈവിട്ടെന്ന് കരുതിയ കളി ബൗളർമാരുടെ മികവിൽ തിരിച്ചുപിടിക്കുകയായിരുന്നു ഹാർദിക് പാണ്ഡ്യയും സംഘവും. ബാറ്റർമാരായ രോഹിത് ശർമയും സൂര്യകുമാർ യാദവും തിലക് വർമയുമൊക്കെ തകർപ്പൻ ഫോമിലാണ്. റയാൻ റിക്കിൾട്ടണിന് പകരമെത്തിയ ജോണി ബെയർസ്റ്റോയും കത്തിക്കയറി. ഹാർദിക്കും നിർണായക സമയത്ത് അവസരത്തിനൊത്തുയർന്നു. ജസ്പ്രീത് ബുംറ ബാറ്റർമാരുടെ പേടിസ്വപ്നമായി തുടരുകയാണ്; കൂടെ ട്രെന്റ് ബോൾട്ടടക്കമുള്ളവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.