ഐ.പി.എൽ നീട്ടിവെച്ചത് ഒരാഴ്ചത്തേക്ക് മാത്രം? വ്യക്തമാക്കി ബി.സി.സി.ഐ

2025 ടാറ്റ ഐ.പി.എൽ മത്സരങ്ങൾ ഒരു ആഴ്‌ചത്തേക്ക് മാത്രമാണ് നിർത്തിവെച്ചതെന്ന് അറിയിച്ച് ബി.സി.സി.ഐ. പുതിയ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതൽ അപ്ഡേറ്റുകൾ ബന്ധപ്പെട്ട അധികാരികളുമായും പങ്കാളികളുമായും കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐയുടെ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. മാത്രമല്ല ഐ.പി.എല്ലിലെ എല്ലാ ഫ്രാഞ്ചൈസികളുടെയും കളിക്കാരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഐ.പി.എൽ താത്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം അറിയിച്ചു.

'നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബി.സി.സി.ഐ പൂർണ വിശ്വാസമർപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ പങ്കാളികളുടെയും കൂട്ടായ താത്പര്യത്തിനനുസരിച്ച് വിവേകപൂർവം പ്രവർത്തിക്കണമെന്ന് ബോർഡ് കരുതുന്നു. ഈ നിർണായക ഘട്ടത്തിൽ ബി.സി.സി.ഐ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. ഇന്ത്യാ ഗവൺമെന്‍റിനോടും സായുധ സേനകളോടും രാജ്യത്തെ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരോചിതമായ ശ്രമങ്ങൾ തുടരുന്ന നമ്മുടെ സായുധ സേനയുടെ ധീരതയ്ക്കും, ധൈര്യത്തിനും, നിസ്വാർത്ഥ സേവനത്തിനും ബോർഡ് അഭിവാദ്യം അർപ്പിക്കുന്നു.

ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോൾ രാഷ്ട്രത്തേക്കാൾ വലുതായി ഒന്നുമില്ല. നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാൾ വലുതായി ഒന്നുമില്ല. ഇന്ത്യയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ബി.സി.സി.ഐ ഉറച്ചുനിൽക്കുന്നു. കൂടാതെ രാജ്യത്തിന്റെ ഏറ്റവും മികച്ച താത്പര്യത്തിനായി അതിന്‍റെ തീരുമാനങ്ങൾ എപ്പോഴും യോജിപ്പിക്കും.

ഐ.പി.എല്ലിൽറെ പങ്കാളിയായ ജിയോസ്റ്റാറിന് അവരുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നു. ഈ തീരുമാനത്തിന് വ്യക്തമായ പിന്തുണ നൽകി മുന്നോട്ട് വന്നതിനും ദേശീയ താത്പര്യം മുൻനിർത്തി ടാറ്റയ്ക്കും മറ്റ് എല്ലാ അസോസിയേറ്റ് പങ്കാളികൾക്കും ബോർഡ് നന്ദി പറയുന്നു, ബി.സി.സി.ഐയുടെ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്‌താവനയിൽ പറഞ്ഞു.

വ്യാഴാഴ്‌ച അതിർത്തിയിൽ പാകിസ്‌താൻ പ്രകോപനത്തെ തുടർന്ന് ധരംശാലയിൽ പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഐ.പി.എൽ 2025 സീസണിന്‍റെ ഭാവി അനിശ്ചിതത്വത്തിലായി. ഇന്ന് ചേർന്ന ബി.സി.സി.ഐ യോഗത്തിന് ശേഷ ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - ipl postponed to one week only by bcci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.