ന്യൂഡൽഹി: ശക്തമായ മഴ കണക്കിലെടുത്ത് ഐ.പി.എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങളുടെ വേദിയിൽ മാറ്റം വരുത്തി ബി.സി.സി.ഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്). ഈ മാസം 23ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ട ബാംഗ്ലൂർ-ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്കും ഫൈനൽ മത്സരം അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും മാറ്റിയതായാണ് ബി.സി.സി.ഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
കനത്ത മഴയെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അവസാന ഐ.പി.എൽ മത്സരം ഉപേക്ഷിച്ചിരുന്നു. ഫൈനൽ കൂടാതെ രണ്ടാം സെമി ഫൈനലിനും അഹമ്മദാബാദ് വേദിയാകും. കലാശപ്പോരാട്ടത്തിന് കൊൽക്കത്തലെ ഈഡൻ ഗാർഡൻ വേദിയൊരുക്കുമെന്നാണ് നേരത്തേ കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചത്തേക്ക് ഐ.പി.എൽ നിർത്തിവെച്ചതിനാലാണ് ഷെഡ്യൂൾ പരിഷ്‌കരിക്കേണ്ടി വന്നത്.
കാലാവസ്ഥയും മറ്റും കണക്കിലെടുത്ത് ഐ.പി.എൽ ഗവേണിങ് കൗൺസിലാണ് പ്ലേ ഓഫുകൾക്കുള്ള പുതിയ വേദികൾ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ പ്രസ്താവനയിൽ വിശദീകരിക്കുന്നു. കൂടാതെ പ്ലേ ഓഫിലെന്നപോലെ മേയ് 20 മുതൽ ലീഗ് മത്സരങ്ങൾക്കായി കളിയുടെ സാഹചര്യം മനസിലാക്കാൻ ഒരു മണിക്കൂർ അധിക സമയം അനുവദിക്കുമെന്നും പ്രസ്താവനയിലുണ്ട്.
മേയ് 29, 30 തീയതികളിൽ ആദ്യ ക്വാളിഫയറും എലിമിനേറ്റർ മത്സരവും നടക്കും. ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ അഹമ്മദാബാദിൽ രണ്ടാം ക്വാളിഫയറും ഫൈനൽ മത്സരവും നടക്കും. 2022, 2023 സീസണിൽ അഹമ്മദാബാദാണ് ഐ.പി.എൽ ഫൈനലിന് ആതിഥേയത്വം വഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.