വെടിക്കെട്ട് വൈഭവ്, മഞ്ഞയിൽ മങ്ങി സഞ്ജു; ചെന്നൈക്ക് തോൽവിത്തുടക്കം

ഗുവാഹത്തി: പുതിയ തട്ടകത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്റെ പഴയ ടീമിനോട് വമ്പൻ തോൽവി വഴങ്ങി സഞ്ജു സാംസണിന്റെ പുതുസീസണിന് തുടക്കം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരുപാട് പോരാട്ടങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷകളെ മാതൃകാപരമായി നയിച്ച സഞ്ജുവിന് പക്ഷേ, ​ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയുള്ള കന്നിക്കളിയിൽ സകലതും പിഴച്ചു. ഏഴു പന്തിൽ മലയാളി ബാറ്റർ ആറു റൺസ് മാത്രമെടുത്ത് പുറത്തായ കളിയിൽ എട്ട്  വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോൽവി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ​ചെന്നൈ 19.4 ഓവറിൽ 127 റൺസിന് പുറത്തായപ്പോൾ 49 പന്ത് ബാക്കിയിരിക്കേയായിരുന്നു രാജസ്ഥാന്റെ തകർപ്പൻ ജയം. 17 പന്തിൽ നാലു ഫോറും അഞ്ചു സിക്സുമടക്കം അതി​ദ്രുതം 52 റൺസ് നേടിയ ആധുനിക ക്രിക്കറ്റിലെ അതിശയബാലൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനമാണ് ആധിയില്ലാതെ വിജയതീരത്തെത്താൻ റോയൽസിനെ തുണച്ചത്.

ബർസപ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ കേളികേട്ട ചെന്നൈ നിരയെ 15കാരൻ പയ്യൻ തച്ചു​തകർക്കുകയായിരുന്നു. ജോഫ്ര ആർച്ചറും നാന്ദ്രേ ബർഗറും നയിച്ച ബൗളിങ് പ്രകടനത്തിൽ തകർന്നടിഞ്ഞ സൂപ്പർ കിങ്സിനെതിരെ റോയൽ ബാറ്റിങ്ങായിരുന്നു രാജസ്ഥാന്റേത്.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വൻ ഭാഗ്യമൊരുക്കിയാണ് കളി ചൂടുപിടിച്ചത്. ആദ്യ ഓവറിൽ മാറ്റ് ഹെൻട്രിയുടെ പന്തിൽ സൂര്യവംശിയെ മിഡ്‌വിക്കറ്റിൽ കൈകളിലൊതുക്കാൻ ലഭിച്ച അവസരം പക്ഷേ, കാർത്തിക് ശർമ വിട്ടുകളഞ്ഞു. ആദ്യപന്തുമുതൽ ആക്രമിച്ചു​കളിച്ച വൈഭവ് ആ അവസരം മുതലെടുത്ത് 15 പന്തിൽ അർധശതകം പൂർത്തിയാക്കി. ഐ.പി.എല്ലിൽ വൈഭവിനേക്കാൾ വേഗത്തിൽ മുമ്പ് 50 റൺസ് നേടിയത് കെ.എൽ. രാഹുൽ, പാറ്റ് കമ്മിൻസ്, റൊമേരിയോ ഷെഫേർഡ്, റോയൽസിന്റെ തന്നെ ഓപണർ യശസ്വി ജയ്‌സ്വാൾ എന്നിവർ മാത്രം.

അൻഷുൽ കാംബോജിന്റെ പന്തിൽ ഏഴാം ഓവറിൽ തകർപ്പൻ ക്യാച്ചിലൂടെ സർഫറാസ് ഖാൻ വൈഭവിനെ തിരിച്ചയക്കുമ്പോൾ റോയൽസിന്റെ സ്കോർബോർഡിൽ 75 റൺസ് എത്തിയിരുന്നു. ഒമ്പതു പന്തിൽ 18 റൺസെടുത്ത ധ്രുവ് ജുറേലിനെ കാംബോജ് ക്ലീൻബൗൾഡാക്കിയെങ്കിലും ഒരുവശത്ത് ജാഗ്രതയോടെ കളിച്ച യശശ്വി ജയ്സ്വാളും (36പന്തിൽ 38 നോട്ടൗട്ട്) ക്യാപ്റ്റൻ റിയാൻ പരാഗും (14) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ രാജസ്ഥാന് വിജയത്തുടക്കം സമ്മാനിച്ചു.

നേരത്തേ, രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ചെന്നൈയെ ചെറിയ സ്കോറിൽ ഒതുക്കിയത്. 36 പന്തിൽ 43 റൺസെടുത്ത ജാമീ ഓവർടണാണ് ചെന്നൈയുടെ ടോപ് സ്കോറർ. കാർത്തിക് ശർമ (15 പന്തിൽ 18), സർഫറാസ് ഖാൻ (12 പന്തിൽ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാർ.

ബർഗർ നയിച്ച രാജസ്ഥാൻ പേസ് നിര ചെന്നൈയെ തുടക്കം മുതലേ സമ്മർദത്തിലാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ ചെന്നൈക്ക് വലിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ ബർഗർ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്.

ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് കരുതിയ ചെന്നൈയെ അവസാന ഓവറുകളിൽ തകർത്തടിച്ച ഓവർടണാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ആറു റൺസെടുത്ത് പുറത്തായ​പ്പോൾ ആയുഷ് മാ​ത്രെ റണ്ണെടുക്കാതെ പുറത്തായി. മാത്യു ഷോർട്ട് രണ്ടും ശിവം ദുബെ ആറും റൺസെടുത്ത് മടങ്ങിയപ്പോൾ വാലറ്റത്ത് നൂർ അഹ്മദ് (ഒന്ന്), മാറ്റ് ഹെന്റി (അഞ്ച് എന്നിവരും നിരാശപ്പെടുത്തി. ആർച്ചറും ബർഗറും രവീന്ദ്ര ജദേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - IPL 2026: Vaibhav Suryavanshi’s Blazing Fifty Leads RR to Victory as Sanju Samson’s CSK Debut Ends in Defeat.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.