ബംഗളൂരു : ഐ.പി.എൽ 19-ാം സീസണിലെ ആദ്യപോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുന് വിജയത്തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്താണ് ആർ.സി.ബിയുടെ ആധികാരിക വിജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആതിഥേയർക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുത്ത് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 201 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ബംഗളൂരു 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. ബംഗളൂരുവിനായി പുറത്താകാതെ 38 പന്തിൽ 69 റൺസെടുത്ത വിരാട് കോഹ്ലിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 26 പന്തിൽ 61 റൺസെടുത്ത ദേവ്ദത്ത് പടിക്കലും കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. 38 പന്തിൽ 80 റൺസടിച്ച ഇൻചാർജ് ക്യാപ്റ്റൻ ഇഷാൻ കിഷന്‍റെയും 18 പന്തിൽ 43 റൺസ് നേടിയ അനികേത് വർമയുടെയും കരുത്തിലാണ് ഹൈദരാബാദ് 200 കടന്നത്. പാളിയ തുടക്കമായിരുന്നു ഹൈദരാബാദിന്‍റേത്. മൂന്ന് ഓവർ പൂർത്തിയാകവെ വെടിക്കെട്ട് ഓപണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും കൂടാരം കയറിയത് ഹൈദരാബാദിന് തിരിച്ചടിയായി. എട്ട് പന്തിൽ ഏഴ് റൺസെടുത്ത അഭിഷേകിനെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു പേസർ ജേക്കബ് ടഫി. ആറാം പന്തിൽ ഹെഡും വീണു. ഒമ്പത് പന്തിൽ 11 റൺസിൽ നിൽക്കെ ഓപണറെ ഫിൽ സാൾട്ട് പിടിച്ചു. മൂന്ന് ഓവറിൽ സ്കോർ രണ്ട് വിക്കറ്റിന് 26 റൺസ്. തട്ടിമുട്ടി നിന്ന നിതീഷ് കുമാർ റെഡ്ഡിയെ (ആറ് പന്തിൽ ഒരു റൺ) അഞ്ചാം ഓവറിൽ ടഫി തന്നെ പറഞ്ഞുവിട്ടു. അഭിനന്ദൻ സിങ്ങിനായിരുന്നു ക്യാച്ച്. സ്കോർ ബോർഡിൽ അപ്പോൾ 29. ഇഷാൻ-ഹെൻറിച് ക്ലാസൻ നാലാം വിക്കറ്റ് സഖ്യമാണ് സൺറൈസേഴ്സിനെ കരകയറ്റിയത്. 27 പന്തിൽ ഇഷാൻ അർധ ശതകം പൂർത്തിയാക്കി. 12ാം ഓവറിൽ ഹൈദരാബാദ് മൂന്നക്കം തൊട്ടു. 22 പന്തിൽ 31 റൺസ് നേടിയ ക്ലാസനെ റൊമാരിയോ ഷെപ്പേർഡ് 14ാം ഓവറിൽ സാൾട്ടിനെ ഏൽപിച്ചു. 126ലാണ് നാലാം വിക്കറ്റ് വീഴുന്നത്. സുയാഷ് ശർമയുടെ ഓവറിൽ സലിൽ അറോറയെ (9) മലയാളി ഫീൽഡർ ദേവ്ദത്ത് പടിക്കൽ പിടികൂടി. സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇഷാന്റെ ഇന്നിങ്സിന് 16ാം ഓവറിൽ അന്ത്യമായി.
ബൗണ്ടറി ലൈനിൽ സാൾട്ടിന്റെ സാഹസിക ക്യാച്ച്. എട്ട് ഫോറും അഞ്ച് സിക്സുമടങ്ങിയ പ്രകടനത്തിന് അഭിനന്ദൻ സിങ്ങാണ് ഫുൾ സ്റ്റോപ്പിട്ടത്. ഹർഷ് ദുബെ (3) ദേവ്ദത്തിന് മറ്റൊരു ക്യാച്ചും ഷെപ്പേർഡിന് രണ്ടാം വിക്കറ്റും സമ്മാനിച്ചു. ഹർഷൽ പട്ടേലിനെ (0) ഭുവനേശ്വർ കുമാറും മടക്കി. ദേവ്ദത്തിന് മൂന്നാം ക്യാച്ച്. ഒരു തലക്കൽ ആഞ്ഞടിച്ച് സ്കോറുയർത്തിയ അനികേത് 19ം ഓവറിലാണ് പുറത്തായത്. ഷെപ്പേർഡിന്റെ പന്തിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച്. ഡഫിയും ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ബംഗളൂരിവിന് രണ്ടാം ഓവറിലെ ആദ്യപന്തിൽ തന്നെ ഫിൽ സാൾട്ടിന്‍റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ കോഹ്ലി - പടിക്കൽ സഖ്യം ടീമിനായി ആഞ്ഞടിച്ചു. ഒൻപതാം ഓവറിൽ പടിക്കൽ ഔട്ടാകുമ്പോൾ ടീമിന്‍റെ സ്കോർ 100 കടന്നിരുന്നു. പിന്നാലെയെത്തിയ രജത് പടിതാറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 12 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ ബംഗളൂരുവിന്‍റെ വിജയം വേഗത്തിലാക്കി. പടിതാറിന് ശേഷം ക്രീസിലെത്തിയ ജിതേഷ് ശർമ ആദ്യ പന്തിൽ തന്നെ പുറത്തായങ്കിലും പിന്നാലെയെത്തിയ ടിം ഡേവിഡിനെ കൂട്ടുപിടിച്ച് കോഹ്ലി കളി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.