ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസ് ജയം. സീസണിൽ ചെന്നൈയുടെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ജയത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിൽ ഒരു ജയംപോലുമില്ലാതെ കൊൽക്കത്ത അവസാന സ്ഥാനത്ത് തുടരുമ്പോൾ മുംബൈ ഇന്ത്യൻസാണ് ഒമ്പതാമത്. രമൺദീപ് സിങ്ങാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 35 റൺസെടുത്തു. 22 പന്തിൽ 31 റൺസുമായി റോവ്മാൻ പവൽ പുറത്താകാതെ നിന്നു. നൂർ അഹ്മദ് നാലു ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നായകൻ അജിങ്ക്യ രഹാനെ (22 പന്തിൽ 28), ആഗ്രിഷ് രഘുവൻശി (19 പന്തിൽ 27), സുനിൽ നരെയ്ൻ (17 പന്തിൽ 24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. അൻഷുൽ കംബോജ് രണ്ടും ഖലീൽ അഹ്മദ്, അകീൽ ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 32 പന്തിൽ 48 റൺസ് നേടി ഓപണർ സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയുടെ ടോപ് സ്കോററായി. സഞ്ജു നന്നായി തുടങ്ങിയെങ്കിലും അപ്പുറത്തുണ്ടായിരുന്ന നായകൻ ഋതുരാജ് ഗെയ്ക്‌വാദ് (7) മൂന്നാം ഓവറിൽ വീണു. അനുകൂൽ റോയിയുടെ പന്തിൽ റോവ്മാൻ പവലിന്റെ കൈകളിൽ. സഞ്ജുവിന് കൂട്ടായെത്തിയ ആയുഷ് മഹാത്രെ അടിച്ചു കളിച്ചു. ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 17 പന്തിൽ 38 റൺസ് ചേർത്ത മഹാത്രെയെ ആറാം ഓവർ പൂർത്തായാകവെ രമൺദീപ് സിങ്ങിന്റെ കൈകളിലേക്കയച്ച വൈഭവ് അറോറ. സ്കോർ രണ്ട് വിക്കറ്റിന് 72.
ബ്രെവിസ്-സഞ്ജു സഖ്യം പത്താം ഓവറിൽ സ്കോർ മൂന്നക്കം കടത്തി. അർധ ശതകത്തിലേക്ക് നീങ്ങിയ സഞ്ജുവിനെ ബൗൾഡാക്കി വിട്ടു കാർത്തിക് ത്യാഗി. നാല് ഫോറും മൂന്ന് സിക്സുമടങ്ങിയ ഇന്നിങ്സിന് 12ാം ഓവറിൽ പരിസമാപ്തി കുറിക്കുമ്പോൾ സ്കോർ 111. സർഫറാസ് ഖാൻ 18 പന്തിൽ 23 റൺസ് നേടി സുനിൽ നരെയ്ന്റെ ഓവറിൽ കുറ്റിതെറിച്ചു മടങ്ങി. 18ാം ഓവറിൽ ബ്രെവിസിനെ ത്യാഗി തിരിച്ചയച്ചു. 171ലാണ് അഞ്ചാം വിക്കറ്റ് നിലംപതിച്ചത്. ശിവം ദുബെയും (13) ജാമീ ഓവർട്ടനും (7) പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.