വിമർശിക്കാൻ അവസരം നൽകി പ്രകടനത്തിലൂടെ മറുപടി നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി; സൂര്യവംശി കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച്

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള വരാനിരിക്കുന്ന ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന് പകരക്കാരനായി യുവതാരം വൈഭവ് സൂര്യവംശിക്ക് ഉടൻ അവസരം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. സഞ്ജുവിന്റെ അസ്ഥിരമായ പ്രകടനങ്ങൾ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താറുണ്ടെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ വലിയ ഇന്നിങ്സുകളിലൂടെ തിരിച്ചുവരാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് ടീം മാനേജ്മെന്റിന് അദ്ദേഹത്തെ ഒഴിവാക്കാൻ തടസ്സമാകുമെന്ന് നായർ വ്യക്തമാക്കി. ജിയോസ്റ്റാറിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"സഞ്ജു എല്ലാവരുടെയും വികാരങ്ങളുമായാണ് കളിക്കുന്നത്. തുടർച്ചയായി രണ്ടോ മൂന്നോ മത്സരങ്ങളിൽ തിളങ്ങാതിരിക്കുമ്പോൾ 'എത്രകാലം സഞ്ജുവിന് അവസരം നൽകും, പകരം വൈഭവ് സൂര്യവംശി കളിക്കട്ടെ' എന്ന് എല്ലാവരും ചോദിച്ചുതുടങ്ങും. എന്നാൽ, കൃത്യം ആ നിമിഷത്തിൽ അദ്ദേഹം ഒരു മികച്ച ഇന്നിങ്സുമായി കളം വാഴും. വിമർശകർക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയ ശേഷം അതിനുള്ള മറുപടി വലിയ പ്രകടനത്തിലൂടെ നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി. അതിനാൽ അദ്ദേഹത്തിന്റെ സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ ഉയരുമെങ്കിലും വൈഭവ് സൂര്യവംശിയ്ക്ക് അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും," അഭിഷേക് നായർ പറഞ്ഞു.

വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറം ടീമിന്റെ ബാലൻസും ഒത്തൊരുമയുമാണ് സെലക്ഷനിൽ പ്രധാനമെന്നും നായർ ഓർമ്മിപ്പിച്ചു. പെട്ടെന്നുള്ള എടുത്തുചാടിയുള്ള തീരുമാനങ്ങൾ യുവതാരങ്ങളുടെയും ടീമിന്റെയും സംസ്കാരത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഒരു കോച്ചോ ക്യാപ്റ്റനോ ആകുമ്പോൾ ടീം സംസ്കാരം കാത്തുസൂക്ഷിക്കാൻ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. യാതൊരുവിധ മുൻധാരണകളുമില്ലാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുത്താൽ അത് വൈഭവ് സൂര്യവംശിയുടെ കരിയറിനെ മാത്രമല്ല, മൊത്തത്തിലുള്ള ടീം സംസ്കാരത്തെയും ബാധിക്കും. അതിനാൽ 'വൈഭവ്, നിനക്കും സമയം വരും, അതുവരെ കാത്തിരിക്കൂ' എന്ന നിലപാടായിരിക്കും മാനേജ്മെന്റ് സ്വീകരിക്കുക. ഒരുപക്ഷേ സഞ്ജു ഇല്ലാത്തതോ വിശ്രമം അനുവദിക്കുന്നതോ ആയ പരമ്പരകളിൽ വൈഭവിന് അവസരം ലഭിച്ചേക്കാം" നായർ വ്യക്തമാക്കി.

കൂടാതെ, ടീമിലെ ഇടത്-വലത് ബാറ്റിങ് കോമ്പിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. മൈക്കൽ ബ്രേസ്വെൽ പോലുള്ള എതിർനിര ബൗളർമാർ പവർപ്ലേയിൽ ആധിപത്യം സ്ഥാപിക്കുന്നത് തടയാൻ ബാറ്റിങ് നിരയിൽ ഇടത്-വലത് കൂട്ടുകെട്ടുകൾ അത്യാവശ്യമാണെന്നും, അതിനാൽ ഈ ഘടകങ്ങളും സെലക്ഷനിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sanju Samson Silences Critics With Big Performances, Says Abhishek Nayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.