ഹൈദരാബാദ്: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 134 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു.
കൂട്ടത്തകർച്ചയെ നേരിട്ട ഡൽഹിയെ ട്രിസ്റ്റൻ സ്റ്റബ്സും ഇംപാക്ട് പ്ലെയർ അശുതോഷ് ശർമയുമാണ് നാണക്കേടിൽനിന്ന് രക്ഷിച്ചത്. സ്റ്റബ്സ് 36 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. അശുതോഷ് 26 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 41 റൺസെടുത്തു.
പാറ്റ് കമ്മിൻസാണ് ഡൽഹിയുടെ മുൻനിരയെ തരിപ്പണമാക്കിയത്. നാലു ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയത്. തകർച്ചയോടെയാണ് ഡൽഹി തുടങ്ങിയത്. സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിൽ തന്നെ കരുൺ നായരെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ക്യാച്ചെടുത്ത് പുറത്താക്കി. സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഫാഫ് ഡുപ്ലെസിസും മടങ്ങി. എട്ടു പന്തിൽ മൂന്നു റൺസെടുത്ത താരത്തെ ഇഷാൻ കൈയിലൊതുക്കി. സമാനരീതിയിൽ സ്റ്റാർക്കിന്‍റെ അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തിൽ അഭിഷേക് പോറേലും പുറത്ത് (10 പന്തിൽ എട്ട്). ഇത്തവണയും ക്യാച്ചെടുത്തത് ഇഷാൻ തന്നെ.
ഡൽഹി 4.1 ഓവറിൽ മൂന്നു വിക്കറ്റിന് 15. അധികം വൈകാതെ നായകൻ അക്സർ പട്ടേലും (ഏഴു പന്തിൽ ആറ്) കെ.എൽ. രാഹുലും (14 പന്തിൽ 10) മടങ്ങി. 29 റൺസിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടം. ആറാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും വിപ്രാജ് നിഗമും നടത്തിയ ചെറുത്തുനിൽപ്പാണ് ടീം സ്കോർ 50 കടത്തിയത്. പിന്നാലെ 17 പന്തിൽ 18 റൺസെടുത്ത വിപ്രാജ് റണ്ണൗട്ടായി. ഇംപാക്ട് പ്ലെയറായി അശുതോഷ് ശർമ കളത്തിലെത്തിയതോടെ ടീം സ്കോറിന് വേഗത വന്നു.
ഏഴാം വിക്കറ്റിൽ ഇരുവരും 66 റൺസാണ് അടിച്ചെടുത്തത്. ഒറ്റ റണ്ണുമായി മിച്ചൽ സ്റ്റാർക്ക് പുറത്താകാതെ നിന്നു. ജയ്ദേവ് ഉനദ്ഘട്ട്, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി ഹൈദരാബാദ് ടീമിനായി അരങ്ങേറ്റം കുറിച്ചു. മോശം ഫോമിലുള്ള നിതീഷ് കുമാർ റെഡ്ഡിയുടെ പകരക്കാരനായാണ് സച്ചിൻ ടീമിലെത്തിയത്.
നാല് വർഷത്തിന്റെ ഇടവേളക്കു ശേഷമാണ് 36കാരനായ സച്ചിന് ഐ.പി.എല്ലിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. 2021ലാണ് സച്ചിൻ ഒടുവിൽ ഐ.പി.എൽ കളിച്ചത്. അന്ന് റോയൽ ചലഞ്ചേഴ്സ് താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.