മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതോടെ ക്രിക്കറ്റ് ലോകത്തും ആഹ്ലാദം. താൽക്കാലികമായി നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ അടുത്തയാഴ്ച പുനരാരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐ.പി.എൽ മത്സരങ്ങൾ ബി.സി.സി.ഐ നിർത്തിവെച്ചത്.
അതിർത്തി കടന്നുള്ള അതിക്രമസാധ്യത കണക്കിലെടുത്ത് മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനു പിന്നാലെയായിരുന്നു തീരുമാനം. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാകും ബി.സി.സി.ഐ പുതിയ സമയക്രമവും വേദിയും പ്രഖ്യാപിക്കുക. ഐ.പി.എൽ 2025 സീസണിന്‍റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് വെടിനിർത്തൽ പ്രബാല്യത്തിലാകുന്നത്.
വ്യാഴാഴ്ച ധരംശാലയിൽ പഞ്ചാബ്- ഡൽഹി മത്സരത്തിനിടെ പരിസരത്ത് വ്യോമാക്രമണ മുന്നറിയിപ്പ് ഉയർന്നതിനെതുടർന്ന് കളി പാതിവഴിയിൽ നിർത്തിവെച്ചതോടെ ഇടവേള പ്രഖ്യാപിക്കുകയായിരുന്നു. താരങ്ങൾക്ക് പുറമെ പരിശീലകർ, മറ്റ് ഒഫിഷ്യലുകൾ അടക്കം നിരവധി പേർ ടീമുകൾക്കൊപ്പമുണ്ടായിരുന്നു. കളി നിർത്തിവെച്ചതിനെ തുടർന്ന് 10 ടീമുകളിലെയും വിദേശതാരങ്ങൾ സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി.
ആർ.സി.ബി നിരയിൽ ടിം ഡേവിഡ്, ലിയാം ലിവിങ്സ്റ്റോൺ, ജേക്കബ് ബെഥൽ, റൊമാരിയോ ഷെപ്പേർഡ്, ഫിലിപ് സാൾട്ട്, ജോഷ് ഹേസ്ൽവുഡ്, ലുംഗി എൻഗിഡി, നുവാൻ തുഷാര എന്നിവർക്ക് പുറമെ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ, ബൗളിങ് കോച്ച് ആദം ഗ്രിഫിത്ത്, ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടർ മോ ബോബാറ്റ്, ടീം ഫിസിയോ ഇവാൻ സ്പീച്ച്ലി, അനലിസ്റ്റ് ഫ്രെഡ്ഡി വൈൽഡ് എന്നിവരുമുണ്ട്.
ലഖ്നോ നിരയിലെ ചിലർ നാട്ടിലേക്ക് മടങ്ങിയപ്പോൾ അവശേഷിച്ചവർ ഇവിടെതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. നാട്ടിലെയും വിദേശത്തെയും താരങ്ങൾ മടങ്ങിയതായി മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളും അറിയിച്ചു. കൊൽക്കത്ത താരങ്ങൾ ശനിയാഴ്ച ഹൈദരാബാദിനെതിരെ കളിക്കാനായി നഗരത്തിൽ എത്തിയിരുന്നു. ഇവിടെ നിന്നുതന്നെയാണ് നാട്ടിലേക്ക് മടക്കം. തങ്ങളുടെ ബഹുഭൂരിപക്ഷം താരങ്ങളും നാടുവിട്ടതായി പഞ്ചാബ് കിങ്സും അറിയിച്ചു.
ന്യൂഡൽഹി: ഒരാഴ്ച നിർത്തിവെച്ച ഐ.പി.എൽ തുടർമത്സരങ്ങളുടെ സമയക്രമവും വേദികളും സമയബന്ധിതമായി അറിയിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിലായ സാഹചര്യത്തിൽ വേദികൾ മാറാതെ പഴയപടി നടത്താനാകുമോ എന്ന സാധ്യത നിലനിൽക്കുന്നു. 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.
പുതുക്കിയ സമയക്രമം തയാറാക്കുന്നതടക്കം നടപടികൾ ബി.സി.സി.ഐ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ‘ഇത്തരം വിഷയങ്ങളിൽ ഒരാഴ്ചയെന്നത് ദീർഘമായ സമയമാണ്. ബോർഡ് അടിയന്തര നടപടിക്രമം തയാറാക്കിവരികയാണ്. കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു വേദികളിൽ നടത്തുന്നത് പരിഗണനയിലുണ്ട്. സംഘർഷം ഒഴിവായാൽ നിലവിലെ വേദികളിൽതന്നെ തുടരുകയും ചെയ്യും’- ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു.
സംഘർഷം തുടർന്നാൽ കിഴക്കൻ, തെക്കൻ മേഖലകളിലെ വേദികളിൽ മത്സരം പൂർത്തിയാക്കുന്നതടക്കം പരിഗണനയിൽ വന്നിരുന്നു. ഇംഗ്ലണ്ടിൽ നടത്തുന്നത് പരിഗണിക്കാമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതരും അറിയിച്ചിരുന്നു. ഇക്കാര്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് മേധാവി റിച്ചാർഡ് ഗൗൾഡും വ്യക്തമാക്കി.
ജൂൺ ആദ്യവാരത്തിനകം മത്സരങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ ഉടനൊന്നും പുനരാരംഭിക്കാനാകില്ലെന്ന വെല്ലുവിളി മുന്നിലുണ്ട്. പിന്നീട് രാജ്യാന്തര മത്സരങ്ങൾ സജീവമാകും. അതേസമയം, സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് നടക്കുമോ എന്ന കാര്യം ആശങ്കയായി മുന്നിലുണ്ട്.
പാകിസ്താനെതിരായ മത്സരങ്ങളിൽ എന്തുചെയ്യുമെന്നതാണ് ഒന്നാം വിഷയം. ഏഷ്യ കപ്പ് ഉപേക്ഷിച്ച് ഇതിന് പകരമായി സെപ്റ്റംബർ രണ്ടാം പകുതിയിൽ ഐ.പി.എൽ നടത്തുകയെന്ന സാധ്യത നിലനിൽക്കുന്നു. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായി തുടരുന്ന ബംഗ്ലദേശ് പര്യടനവും പ്രയാസകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.