അവസാന ഓവറിൽ ഷെപ്പേർഡ് ഷോ! മുംബൈക്കെതിരെ ഡൽഹിക്ക് 235 റൺസ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡൽഹി കാപിറ്റൽസിന് 235 റൺസ് വിജയലക്ഷ്യം. അവസാന ഓവറിലെ റൊമാരിയോ ഷെപ്പേർഡിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആൻറിച് നോർക്യ എറിഞ്ഞ 20ാം ഓവറിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 32 റൺസാണ് ഷെപ്പേർഡ് അടിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. അവസാന അഞ്ച് ഓവറുകളിൽ 96 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. 49 റൺസ് നേടിയ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 10 പന്തിൽ 39 റൺസെടുത്ത് ഷെപ്പേർഡ് പുറത്താകാതെ നിന്നു. നാലു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.

ടിം ഡേവിഡിന്‍റെ പ്രകടനവും ടീം സ്കോർ 200 കടക്കുന്നതിൽ നിർണായകമായി. 21 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 45 റൺസെടുത്തു. മുംബൈക്കായി ഓപ്പണർമാരായ രോഹിത്തും ഇഷാൻ കിഷനും മികച്ച തുടക്കം നൽകി. ഇരുവരും ഏഴു ഓവറിൽ 80 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ രോഹിത്തിനെ അക്സർ പട്ടേൽ ബൗൾഡാക്കി. 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 49 റൺസാണ് താരം നേടിയത്.

നീണ്ട ഇടവേളക്കുശേഷം മടങ്ങിയെത്തിയ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. രണ്ടു പന്ത് നേരിട്ട താരം റണ്ണൊന്നും എടുക്കാതെ നോർക്യയുടെ പന്തിൽ പുറത്തായി. അഞ്ചാം വിക്കറ്റിൽ നായകൻ ഹാർദിക് പാണ്ഡ്യയും ഡേവിഡും ചേർന്ന് 60 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽ 39 റൺസെടുത്ത ഹാർദിക്കിനെ നോർക്യ പുറത്താക്കി. തിലക് വർമ അഞ്ചു പന്തിൽ ആറു റൺസെടുത്ത് മടങ്ങി.

ഡൽഹിക്കായി അക്സർ പട്ടേലും നോർക്യയും രണ്ടു വിക്കറ്റ് വീതം നേടി. ഖലീൽ അഹ്മദ് ഒരു വിക്കറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ സൂര്യ ശസ്ത്രക്രിയക്ക് ശേഷം ഐ.പി.എല്ലിലാണ് ആദ്യമായി കളിക്കാനിറങ്ങുന്നത്. നമന്‍ ധിര്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായി. മഫാകക്ക് പകരക്കാരനായാണ് ഷെപ്പേര്‍ഡും ടീമിലെത്തുന്നത്. ഡെവാള്‍ഡ് ബ്രെവിസിന് പകരം മുഹമ്മദ് നബിയും പ്ലേയിങ് ഇലവനിലെത്തി. സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈ നിലവിൽ പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നാലു കളികളില്‍ ഒരു ജയം മാത്രമാണ് ഋഷഭ് പന്തിനും സംഘത്തിനുമുള്ളത്.

Tags:    
News Summary - IPL 2024: Mumbai Indians Post 234/5 against Delhi Capitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.