ബദോനിക്ക് അർധ സെഞ്ച്വറി (35 പന്തിൽ 55*); ലഖ്നോവിനെതിരെ ഡൽഹിക്ക് 168 റൺസ് വിജയലക്ഷ്യം

ലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ ഡൽഹി കാപിറ്റൽസിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ആയുഷ് ബദോനിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ടീം സ്കോർ 150 കടത്തിയത്. കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി.

ഒരുഘട്ടത്തിൽ 13 ഓവറിൽ ഏഴു വിക്കറ്റിന് 94 റൺസിലേക്ക് തകർന്ന ലഖ്നോവിനെ അയൂഷ് ബദോനിയും അർഷാദ് ഖാനുമാണ് കരകയറ്റിയത്. ഇരുവരും എട്ടാം വിക്കറ്റിൽ നേടിയ 73 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 35 പന്തിൽ ബദോനി 55 റൺസെടുത്ത് പുറത്താകാതെ നിന്നു. നായകൻ കെ.എൽ. രാഹുൽ 22 പന്തിൽ 39 റൺസെടുത്ത് പുറത്തായി. കുൽദീപിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

ഓപ്പണർ ക്വിന്‍റൻ ഡികോക്ക് 13 പന്തിൽ 19 റൺസെടുത്തു. താരത്തെ ഖലീൽ അഹ്മദ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ദേവ്ദത്ത് പടിക്കൽ (ആറു പന്തിൽ മൂന്ന്), മാർകസ് സ്റ്റോയ്നിസ് (10 പന്തിൽ എട്ട്), നികോളസ് പൂരൻ (പൂജ്യം) എന്നിവർ വേഗത്തിൽ മടങ്ങി. എട്ടാമത്തെ ഓവറിൽ അടുത്തടുത്ത പന്തുകളിലാണ് സ്റ്റോയ്നിസിനെയും പൂരനെയും കുൽദീപ് പുറത്താക്കിയത്. ഇപാക്ട് പ്ലെയറായി കളത്തിലെത്തിയ ദീപക് ഹൂഡ 13 പന്തിൽ 10 റൺസെടുത്ത ഇഷാന്ത് ശർമയുടെ പന്തിൽ ഡേവിഡ് വാർണറുടെ കൈകളിലെത്തി.

നാലു പന്തിൽ മൂന്നു റൺസുമായി ക്രുണാൽ പാണ്ഡ്യ മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. തുടർന്നായിരുന്നു ബദോനിയുടെയും അർഷദ് ഖാന്‍റെയും രക്ഷാപ്രവർത്തനം. 31 പന്തിലാണ് ബദോനി 50ലെത്തിയത്. 16 പന്തിൽ 20 റൺസെടുത്ത് അർഷദ് ഖാനും പുറത്താകാതെ നിന്നു. ഡൽഹിക്കായി ഖലീൽ രണ്ടു വിക്കറ്റും ഇഷാന്ത് ശർമ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നിലവിൽ അഞ്ചു മത്സരങ്ങളിൽനിന്ന് ഒരു ജയവുമായി പോയന്‍റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഡൽഹി. ലഖ്നോ ആറു പോയന്‍റുമായി മൂന്നാം സ്ഥാനത്തും.

Tags:    
News Summary - IPL 2024: Ayush Badoni Steers LSG To 167/7 against Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.