തകർന്നടിഞ്ഞ് രാജസ്ഥാൻ; 59ന് പുറത്ത്; പ്ലേ ഓഫ് സാധ്യത മങ്ങി; ബാംഗ്ലൂരിന് 112 റൺസ് ജയം

ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മുമ്പിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞ് രാജസ്ഥാൻ റോയൽസ്. 112 റൺസിന്‍റെ വമ്പൻ തോൽവിയാണ് സഞ്ജുവും സംഘവും ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10.3 ഓവറിൽ 59 റൺസിന് രാജസ്ഥാൻ ഓൾ ഔട്ടായി.

രാജസ്ഥാൻ താരങ്ങളെല്ലാം അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് നാണം കെട്ട തോൽവിയിലേക്ക് ടീമിനെ എത്തിച്ചത്.  രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ഷിംറോൺ ഹെറ്റ്മെയർ 19 പന്തിൽ 35 റൺസെടുത്തു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും പൂജ്യത്തിന് പുറത്തായി. നാലു റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ജോ റൂട്ട് (15 പന്തിൽ 10 റൺസ്), ദേവ്ദത്ത് പടിക്കൽ (നാലു പന്തിൽ നാല്), ധ്രുവ് ജുറേൽ (ഏഴു പന്തിൽ ഒന്ന്), ആർ. അശ്വിൻ (പൂജ്യം), ആദം സാമ്പ (ആറു പന്തിൽ രണ്ട്), കെ.എം. ആസിഫ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

റണ്ണൊന്നും എടുക്കാതെ സന്ദീപ് ശർമ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി വെയ്ൻ പാർനെൽ മൂന്നു വിക്കറ്റ് നേടി. മിച്ചൽ ബ്രേസ് വെൽ, കാൻ ശർമ എന്നിവർ രണ്ടും മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ് വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, നായകൻ ഫാഫ് ഡുപ്ലെസിസും (44 പന്തിൽ 55 റൺസ്) ഗ്ലെൻ മാക്സ് വെല്ലും (33 പന്തിൽ 54 റൺസ്) നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോർ നേടിയത്. വിരാട് കോഹ്ലി 19 പന്തിൽ 18 റൺസെടുത്ത് പുറത്തായി. മഹിപാൽ ലോംറോർ (രണ്ടു പന്തിൽ ഒന്ന്), ദിനേശ് കാർത്തിക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഒമ്പത് പന്തിൽ ഒമ്പത് റൺസുമായി മിച്ചൽ ബ്രേസ് വെല്ലും 11 പന്തിൽ 29 റൺസുമായി അനൂജ് റാവത്തും പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ആദം സാമ്പ, കെ.എം. ആസിഫ് എന്നിവർ രണ്ടു വീതവും സന്ദീപ് ശർമ ഒന്നും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത സജീവമാക്കി.

13 മത്സരങ്ങളിൽനിന്നു 12 പോയന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ. 12 മത്സരങ്ങളിൽനിന്നു 12 പോയിന്റുള്ള ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തേക്ക് കയറി.

Tags:    
News Summary - IPL 2023: RCB Thrash RR By 112 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.