ഇന്ത്യയുടെ അതിവേഗ ട്വന്‍റി20 സെഞ്ച്വറിക്കാരൻ ഇനി ചെന്നൈക്കൊപ്പം, ബേദിക്കു പകരക്കാരനായി ടീമിനൊപ്പം ചേർന്നു

ചെന്നൈ: ഐ.പി.എൽ സീസണിൽ പ്ലേ ഓഫ് സാധ്യത ഇല്ലാതായ ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്തിന്‍റെ വിക്കറ്റ് കീപ്പർ-ബാറ്റർ ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ചു. വൻഷ് ബേദി പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ഉർവിലിനെ ടീമിലെടുത്തത്.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ അരങ്ങേറ്റ മത്സരം കളിക്കാനിരിക്കെയാണ് പ്ലെയിങ് ഇലവനിൽ ഇടംനേടിയ ബേദി കാലിന് പരിക്കേറ്റ് പുറത്താകുന്നത്. പകരം ആർ.സി.ബിക്കെതിരെ ദീപക് ഹൂഡയാണ് കളിച്ചത്. ബേദിക്ക് സീസണിലെ മറ്റു മത്സരങ്ങളും നഷ്ടമാകും. ഇതോടെയാണ് പകരക്കാരനായി ഉർവിലിനെ ടീമിലെത്തിച്ചത്. ട്വന്‍റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ച്വറി ഉർവിലിന്‍റെ പേരിലാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിന്‍റെ താരമായ പട്ടേൽ ത്രിപുരക്കെതിരെ 28 പന്തിലാണ് സെഞ്ച്വറി നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 2008ൽ ഹിമാചൽപ്രദേശിനെതിരെ ഡൽഹിക്കുവേണ്ടി പന്ത് 32 പന്തിൽ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ലോക ക്രിക്കറ്റിൽ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി കൂടിയാണ് ഉർവിൽ ഇൻഡോറിലെ എമറാൾഡ് ഹൈറ്റ്സ് ഇന്‍റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നേടിയത്. മത്സരത്തിൽ 35 പന്തിൽ ഏഴു ഫോറും 12 സിക്സുമടക്കം 113 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഈ വർഷത്തിന്‍റെ തുടക്കത്തിൽ സൈപ്രസിനെതിരെ 27 പന്തിൽ എസ്തോണിയയുടെ സാഹിൽ ചൗഹാൻ സെഞ്ച്വറി നേടിയിരുന്നു.

റിയാദിൽ നടന്ന മെഗാ താര ലേലത്തിൽ ഉർവിലിനെ ഒരു ടീമും വിളിച്ചെടുത്തിരുന്നില്ല. 2023 ഐ.പി.എല്ലിൽ ഉർവിലിനെ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാനായില്ല. പിന്നാലെ താരത്തെ ഗുജറാത്ത് ഒഴിവാക്കി. 44 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 988 റൺസാണ് താരം നേടിയത്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഉർവിലിന്‍റെ പേരിലാണ്. 2023 നവംബറിൽ അരുണാചൽ പ്രദേശിനെതിരെ 41 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. 2010ൽ മഹാരാഷ്ട്രക്കെതിരെ 40 പന്തിൽ യൂസുഫ് പത്താൻ നേടിയ സെഞ്ച്വറിയാണ് ഒന്നാമത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ത്രിപുര 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ഉർവിലിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബറോഡയിലെ മെഹ്സന സ്വദേശിയായ ഉർവിൽ 2018ലാണ് മുംബൈക്കെതിരെ ബറോഡക്കായി ട്വന്‍റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും കളിക്കാനിറങ്ങി.

എന്നാൽ, രഞ്ജി ട്രോഫി അരങ്ങേറ്റത്തിനായി പിന്നെയും താരത്തിന് ആറു വർഷം കാത്തിരിക്കേണ്ടി വന്നു. 30 ലക്ഷം രൂപക്കാണ് ചെന്നൈ താരത്തെ ടീമിലെടുത്തത്. പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരനായി സീസണിൽ ചെന്നൈക്കൊപ്പം ചേരുന്ന മൂന്നാമത്തെ താരമാണ്. നിലവിൽ പോയന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലായി 10ാം സ്ഥാനത്താണ് ചെന്നൈ. 11 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. മൂന്നു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

Tags:    
News Summary - India's Fastest T20 Centurion Joins Chennai Super Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.