വാട്ട് എ സേവ്! ബാറിനു കീഴിൽ തകർപ്പൻ പ്രകടനവുമായി ധോണി; വിഡിയോ പങ്കുവെച്ച് പിറന്നാൾ ആശംസകൾ നേർന്ന് ഐ.എസ്.എൽ

ചെന്നൈ: ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ എം.എസ്. ധോണിക്ക് ഇന്ന് 44ാം പിറന്നാൾ. റാഞ്ചിയിൽ അടുത്ത സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആരാധകരും വലിയ ആഘോഷത്തിലാണ്. വിജയവാഡയിൽ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചാണ് പ്രിയ താരത്തോടുള്ള സ്നേഹം ആരാധകർ പ്രകടിപ്പിച്ചത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമായതിനാൽ തന്നെ ദക്ഷിണേന്ത്യയിൽ വലിയൊരു ആരാധകവൃന്ദം ധോണിക്കുണ്ട്. ചെന്നൈയിൻ എഫ്.സിയുടെ ഉടമകളിലൊരാളായ ധോണിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അധികൃതർ വ്യത്യസ്ത രീതിയിലാണ് പിറന്നാൾ ആശംസകർ നേർന്നത്.

ഐ.എസ്.എൽ കഴിഞ്ഞ സീസണിൽ ചെന്നൈയുടെ മത്സരശേഷം ഗ്രൗണ്ടിലെത്തി ബാറിനു കീഴിൽ തകർപ്പൻ സേവ് കാഴ്ചവെക്കുന്നതാണ് വിഡിയോ. ചെന്നൈയിൻ ടീമിന്‍റെ ജഴ്സിയും ഷോട്സും കൈകളിൽ ഗ്ലൗവും ധരിച്ചാണ് താരം എത്തിയത്. ബാറിനു കീഴിൽ ഇടത്തേക്കും വലത്തേക്കും ചാടി സ്വാഭാവിക മികവോടെ ധോണി ഒരു സ്പോട്ട് കിക്ക് തകർപ്പൻ സേവ് നടത്തി രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ. വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

ക്രിക്കറ്റ് മാത്രമല്ല ധോണിക്ക് ഫുട്‌ബാളും വഴങ്ങുമെന്നത് ആരാധകർക്ക് നേരത്തെ തന്നെ അറിയാവുന്നതാണ്. ടീം പരിശീലനത്തിനിടെ ഫുട്‌ബാള്‍ കളിക്കുമ്പോള്‍ ധോണിയുടെ പ്രഫഷനല്‍ കളി കണ്ട് സഹതാരങ്ങൾ പോലും അത്ഭുതപ്പെടാറുണ്ട്. ചെറുപ്പത്തിൽ ഫുട്ബാളിനോടായിരുന്നു താരത്തിന് പ്രിയം, സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിക്കുന്നത് പതിവായിരുന്നു. അവിടുന്നാണ് മികച്ച ക്രിക്കറ്റർ താരത്തിലേക്കുള്ള ധോണിയുടെ വളർച്ച.

അടുത്തിടെ ക്രിക്കറ്റ് ഫീൽഡിലെ തന്റെ വിളിപ്പേരായ ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്ക് ആക്കാൻ ധോണി അപേക്ഷ നൽകിയിരുന്നു.

ട്രേഡ്മാർക്ക് രജിസ്ട്രി പോർട്ടലിലെ വിവരം അനുസരിച്ച് സ്പോർട്സ് പരിശീലനം, അനുബന്ധ സേവനങ്ങൾ എന്നീ വിഭാഗത്തിലാണു ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്കിന് താരം അപേക്ഷിച്ചിരിക്കുന്നത്. ഏത് സമ്മർദഘട്ടങ്ങളിലും ടീമിനെ ശാന്തമായി നിയന്ത്രിക്കുന്ന ധോണിക്ക് പ്രിയ ആരാധകർ നൽകിയ വിളിപ്പേരാണ് ‘ക്യാപ്റ്റൻ കൂൾ’. ഈ വിളിപ്പേര് സമൂഹമാധ്യമങ്ങളിൽ പിന്നീട് വൈറലായി.

2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍നിന്ന് 17,266 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി 20, ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ധോണി ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്നുണ്ട്. അഞ്ചു തവണ സി.എസ്.കെയെ കിരീടത്തിലേക്ക് നയിച്ചു.

Tags:    
News Summary - India's cricket icon MS Dhoni celebrated his 44th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.