ബെക്കൻഹാമിലെ സന്നാഹ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ ഒരു മിനിറ്റ് മൗനമാചരിച്ചപ്പോൾ

മൗനമാചരിച്ച ശേഷം മത്സരത്തിനിറങ്ങിയത് കറുത്ത ആംബാൻഡ് അണിഞ്ഞ്, വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

ലണ്ടൻ: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ഇംഗ്ലണ്ടിനെതിരെ ജൂൺ 20ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ബെക്കൻഹാമിൽ നടന്ന സന്നാഹ മത്സരത്തിൽ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് കളിക്കാർ കളത്തിലിറങ്ങിയത്.

വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യത്തിനുമായി മത്സരത്തിന് മുമ്പ് താരങ്ങൾ ഒരുമിനിറ്റ് മൗനമാചരിച്ചു. കളിക്കാർക്ക് പുറമെ അസിസ്റ്റന്റ് കോച്ച് റ്യാൻ ടെൻ ഡൊഷാറ്റെ ഉൾപ്പെടെയുള്ള സപ്പോർട്ടിങ് സ്റ്റാഫും പ​ങ്കെടുത്തു. അമ്മയുടെ അസുഖം കാരണം നാട്ടിലേക്ക് മടങ്ങിയ ​കോച്ച് ഗൗതം ഗംഭീർ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഗംഭീർ നാട്ടിലേക്ക് മടങ്ങിയത്.

ടെസ്റ്റ് പരമ്പരക്കുമുന്നോടിയായി ഇന്ത്യൻ ടീമിലെയും ഇംഗ്ലണ്ടിലുള്ള ഇന്ത്യ എ ടീമിലെയും കളിക്കാർ പ​ങ്കെടുക്കുന്ന സന്നാഹ മത്സരമാണ് വെള്ളിയാഴ്ച ബെക്കൻഹാമിൽ നടന്നത്. ഇരുടീമിലെയും താരങ്ങൾ രണ്ടു ടീമായി തിരിഞ്ഞാണ് സന്നാഹ മത്സരം. ഗംഭീറിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് റ്യാൻ ടെൻ ഡൊഷാറ്റെയുടെ മേൽനോട്ടത്തിലാണ് ടീമിന്റെ പരിശീലനം. ബാറ്റിങ് കോച്ച് സീതാൻഷു കൊടകും ബൗളിങ് കോച്ച് മോർനെ മോർക്കലും ടീമിനൊപ്പമുണ്ട്.

രോഹിത് ശർമയും വിരാട് കോഹ്‍ലിയും വിരമിച്ചതിനുപിന്നാലെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ശുഭ്മൻ ഗില്ലിന്റെ നായകത്വത്തിലാണ് ഇന്ത്യ ആതിഥേയരെ നേരിടുന്നത്. യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, ധ്രുവ് ജുറേൽ, ഷാർദുൽ താക്കൂർ എന്നിവർ ഉൾപ്പെടെയുള്ള ടെസ്റ്റ് ടീം അംഗങ്ങൾ ഇന്ത്യ ‘എ’ ടീമിന്റെ ഭാഗമായി നേരത്തേ ഇംഗ്ലണ്ടിലെത്തിയിരുന്നു. ഇംഗ്ലണ്ട് ലയൺസുമായി ഇന്ത്യ ‘എ’ ടീം രണ്ട് പരിശീലന മത്സരങ്ങളിൽ കളത്തിലിറങ്ങി.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം അംഗങ്ങളായ ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ, ധ്രുവ് ജുറേൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാഷ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർക്കൊപ്പം എ ടീം അംഗങ്ങളായ അഭിമന്യു ഈശ്വരൻ, ഇഷാൻ കിഷൻ, മാനവ് സുതാർ, തനുഷ് കോട്ടിയൻ, മുകേഷ് കുമാർ, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഖലീൽ അഹ്മദ്, ഋതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബേ എന്നിവരും സന്നാഹ മത്സരത്തിനിറങ്ങി.

Tags:    
News Summary - Indian Cricket Team pay homage to the victims of the Ahmedabad plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.