ഇന്ത്യക്കും നെഞ്ചിടിപ്പ്; ന്യൂസിലാൻഡിന് ജയിക്കാൻ 257 റൺസ് കൂടി

ക്രൈസ്റ്റ് ചർച്ച്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ന്യൂസിലാൻഡിന് ജയിക്കാൻ ഇനി വേണ്ടത് 257 റൺസ്. 285 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ ടോം ലഥാമും ഏഴ് റണ്‍സുമായി കെയ്ന്‍ വില്യംസണും ആണ് ക്രീസില്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ തീരുമാനിക്കുന്നതില്‍ ന്യൂസിലാന്‍ഡ്-ശ്രീലങ്ക പരമ്പര നിർണായകമായതിനാൽ ഇന്ത്യക്കും നെഞ്ചിടിപ്പുണ്ട്. ആസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യക്ക് വിജയിക്കാനായാൽ പോയന്റ് ശരാശരി 62.5ലെത്തുകയും ന്യൂസിലാന്‍ഡ്-ശ്രീലങ്ക പരമ്പരയിലെ ഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താനാവുകയും ചെയ്യും. എന്നാൽ, ഒറ്റ ദിവസം മാത്രം ശേഷിക്കുന്നതിനാൽ മത്സരം സമനിലയാവാനാണ് സാധ്യത.

ഇന്ത്യ തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്താൽ 58.79 പോയന്റ് ശരാശരിയാകും. ഇതിനൊപ്പം നാളെ ശ്രീലങ്ക ജയിക്കുകയും ചെയ്താൽ ഫൈനലില്‍ ആസ്ട്രേലിയയുടെ എതിരാളി ആരെന്നറിയാന്‍ മാർച്ച് 17 മുതൽ 21 വരെ വെല്ലിങ്ടണിൽ നടക്കുന്ന ന്യൂസിലാന്‍ഡ്-ശ്രീലങ്ക രണ്ടാം ടെസ്റ്റ് കഴിയും വരെ കാത്തിരിക്കേണ്ടിവരും. ശ്രീലങ്ക അതിലും ജയിച്ചാൽ പോയന്റ് ശരാശരി 61.11ലെത്തുകയും ഫൈനലിലെത്തുകയും ചെയ്യും. ​ശ്രീലങ്കക്കെതിരെ ആദ്യ മത്സരം ന്യൂസിലാൻഡ് ജയിച്ചാൽ, ഇന്ത്യക്ക് ഫൈനലിൽ എത്താമെന്നതിനാൽ ന്യൂസിലാൻഡിന്റെ വിജയത്തിനായി പ്രാർഥിക്കുകയാണ് ഇന്ത്യൻ ആരാധകർ. ന്യൂസിലാൻഡ്-ശ്രീലങ്ക മത്സരം സമനിലയിലായാലും ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാം.

എയ്ഞ്ചലോ മാത്യൂസിന്‍റെ സെഞ്ച്വറി മികവിലാണ് ലങ്ക രണ്ടാം ഇന്നിങ്സില്‍ 302 റൺസിലെത്തിയത്. 115 റണ്‍സടിച്ച മാത്യൂസിന് പുറമെ ദിനേശ് ചണ്ഡിമല്‍ (42), ധനഞ്ജയ ഡിസില്‍വ (പുറത്താവാതെ 47) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി. ആദ്യ ഇന്നിങ്സിൽ 355 റൺസടിച്ച ലങ്കക്കെതിരെ ന്യൂസിലാൻഡ് 373 റൺസ് നേടിയിരുന്നു. 

Tags:    
News Summary - India with prayers; New Zealand need 257 runs to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT