ഗുവാഹതി: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഓപണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഒരുഘട്ടത്തിൽ ശതകം തികക്കുമെന്നു തോന്നിച്ചെങ്കിലും അത് കാത്തുവെച്ചത് വിരാട് കോഹ്‍ലിക്കായിരുന്നു. 87 പന്തിൽ 12 ഫോറും ഒരു സിക്സുമടക്കം 113 റൺസുമായി നിറഞ്ഞാടിയ കോഹ്‍ലിയുടെയും രോഹിത്തിന്റെയും (67 പന്തിൽ 83) ഗില്ലിന്റെയും (60 പന്തിൽ 70) മികവിൽ 50 ഓവറിൽ ഏഴു വിക്കറ്റിന് 373 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യക്ക് 67 റൺസ് ജയം.
ലങ്കയുടെ മറുപടി 50 ഓവറിൽ എട്ടു വിക്കറ്റിന് 306 റൺസ് വരെയെത്തി. അപരാജിതനായി അവസാനം വരെ പോരാടിയ ക്യാപ്റ്റൻ ദസുൻ ശാനകയുടെ (88 പന്തിൽ 108*) സെഞ്ച്വറിക്കും പക്ഷേ, ടീമിനെ രക്ഷിക്കാനായില്ല. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ. ഏകദിനത്തിൽ കോഹ്‍ലിയുടെ 45ാം സെഞ്ച്വറിയാണിത്. 49 സെഞ്ച്വറികളുള്ള സചിൻ ടെണ്ടുൽകറുടെ റെക്കോഡിലേക്ക് അടുക്കുകയാണ് താരം.
ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ശാനക ഫീൽഡിങ് തിരഞ്ഞെടുത്തു. ഈ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ഓപണർമാർ നൽകിയ തുടക്കം. ഇവർ കത്തിക്കയറിയപ്പോൾ സ്കോർ ബോർഡിൽ അതിവേഗം അക്കങ്ങൾ മിന്നിമറഞ്ഞു. 15ാം ഓവറിൽ സ്കോർ 100 കടന്നു. ഇതിനു മുമ്പ് രോഹിത് അർധശതകം പിന്നിട്ടു. പിന്നാലെ ഗില്ലും. രണ്ട് ഓവറുകളിൽ താരം ഹാട്രിക് ഫോർ നേടിയിരുന്നു.
20ാം ഓവർ എറിഞ്ഞ ക്യാപ്റ്റൻ ഷനകയാണ് ഈ കൂട്ടുകെട്ടിന് അന്ത്യം കുറിച്ചത്. 11 ബൗണ്ടറികളുടെ അകമ്പടിയോടെ 70ലെത്തിയ ഗില്ലിനെ ഷനക വിക്കറ്റിനു മുന്നിൽ കുടുക്കി. സ്കോർ അപ്പോൾ 143ൽ എത്തിയിരുന്നു. പകരക്കാരനായി കോഹ്‍ലിയെത്തി. പതുക്കെ തുടങ്ങി അധികം കഴിയുംമുമ്പേ മുൻ നായകൻ താളം കണ്ടെത്തി. അപ്പുറത്ത് രോഹിതും. സെഞ്ച്വറിയിലേക്ക് കുതിച്ച ക്യാപ്റ്റനെ ദിൽഷൻ മധുശങ്ക 24ാം ഓവറിലെ ആദ്യ പന്തിൽ ബൗൾഡാക്കി. ഒമ്പതു ഫോറും മൂന്നു സിക്സുമുൾപ്പെട്ട ഇന്നിങ്സ് അവസാനിപ്പിച്ച് രോഹിത് മടങ്ങുമ്പോൾ ഇന്ത്യ രണ്ടിന് 173.
കോഹ്‍ലി-ശ്രേയസ്സ് അയ്യർ സഖ്യവും ലങ്കൻ ബൗളർമാരെ വെറുതെവിട്ടില്ല. ഇവർ ക്രീസിൽ തുടരവെ 27 ഓവറിൽ ഇന്ത്യ 200 തികച്ചു. 30ാം ഓവറിലെ ആദ്യ പന്തിൽ ശ്രേയസ്സിനെ (24 പന്തിൽ 28) ഫെർണാണ്ടോയുടെ കൈകളിലെത്തിച്ചു ധനഞ്ജയ ഡീ സിൽവ. സ്കോർ മൂന്നിന് 212. കോഹ്‍ലിക്ക് കൂട്ടിനെത്തിയത് കെ.എൽ. രാഹുൽ. 36ാം ഓവറിൽ ധനഞ്ജയയെ സിക്സറടിച്ചാണ് കോഹ്‍ലി അർധശതകം തികച്ചത്. രാഹുലും ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യ 38 ഓവറിൽ 275ലെത്തി. 41ാം ഓവറിൽ സ്കോർ 300 കടന്നതിനു പിന്നാലെ രാഹുൽ പുറത്തായി.
29 പന്തിൽ 39 റൺസടിച്ച താരത്തെ കസുൻ രജിത ബൗൾഡാക്കി. ഹാർദിക് പാണ്ഡ്യക്ക് അധികം പിടിച്ചുനിൽക്കാനായില്ല. 45ാം ഓവറിൽ പാണ്ഡ്യയെ (12 പന്തിൽ 14) രജിത തന്നെ മടക്കി. 330ൽ അഞ്ചാം വിക്കറ്റ് വീണു. നേരിട്ട 80ാം പന്തിൽ കോഹ്‍ലി നൂറിൽ. സെഞ്ച്വറി പിറന്ന 47ാം ഓവറിൽത്തന്നെ ടീം 350 പിന്നിട്ടു. ഒമ്പതു പന്തിൽ ഒമ്പതു റൺസെടുത്ത അക്സർ പട്ടേലിനെ ഫെർണാണ്ടോയുടെ കൈകളിലെത്തിച്ചു കരുണരത്നെ. 362ലാണ് ആറാം വിക്കറ്റ് വീണത്. 49ാം ഓവറിൽ കോഹ്‍ലിയും തിരിഞ്ഞുനടന്നു. രജിത കോഹ്‍ലിയെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിനെ ഏൽപിക്കുമ്പോൾ സ്കോർ 364. മുഹമ്മദ് ഷമിയും (നാല്) മുഹമ്മദ് സിറാജും (ഏഴ്) പുറത്താവാതെ നിന്നു.
കൂറ്റൻ ലക്ഷ്യം ശ്രീലങ്കക്ക് അപ്രാപ്യമാവുമെന്ന സൂചന തുടക്കത്തിലേ ലഭിച്ചു. നാലാം ഓവറിൽ ഓപണർ ആവിഷ്ക ഫെർണാണ്ടോയെ (അഞ്ച്) സിറാജ് പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ 19. പകരക്കാരൻ മെൻഡിസിനെ അക്കൗണ്ട് തുറക്കുംമുമ്പേ സിറാജ് ബൗൾഡാക്കി. രണ്ടിന് 23ലേക്ക് പരുങ്ങിയ സന്ദർശകരെ ഒരറ്റത്ത് പിടിച്ചുനിന്ന ഓപണർ പാത്തും നിസാങ്ക (72) ചരിത് അസലങ്കയുടെയും (23) ധനഞ്ജയയുടെയും (47) സഹായത്തോടെ കരകയറ്റി. ഇവർ ഓരോരുത്തരായി മടങ്ങിയതോടെ ലങ്ക തോൽവി ഉറപ്പിച്ചു. 33ാം ഓവറിൽ 179ൽ ഏഴാം വിക്കറ്റും വീണെങ്കിലും ശാനകയുടെ ഒറ്റയാൻ പോരാട്ടം ടീമിനെ 300 കടത്തുകയായിരുന്നു. കസുൻ രജിതക്കൊപ്പം ഒമ്പതാം വിക്കറ്റിൽ 100 റൺസാണ് ചേർത്തത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ ആര്‍. അരുണ്‍ കുമാറിനെ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ജനുവരി 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തിന്റെ ബി.സി.സി.ഐയുടെ നിരീക്ഷകനായി നിയമിച്ചു. അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്തുന്നതിന് ബി.സി.സി.ഐ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കുകയാണ് ചുമതല. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ കായിക വകുപ്പ് വിഭാഗം മേധാവിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.