വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ

ജയ്സ്വാൾ 0, രാഹുൽ 1, പന്ത് 2; തകർന്നടിഞ്ഞ് ബാറ്റിങ് നിര, ലോക ചാമ്പ്യന്മാരോട് തോൽവിയേറ്റ് ടീം ഇന്ത്യ

കൊൽക്കത്ത: ലോകചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 124 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടീം ഇന്ത്യയുടെ ഇന്നിങ്സ് കേവലം 93 റൺസിൽ അവസാനിച്ചു. 30 റൺസിനാണ് പ്രോട്ടീസിന്‍റെ ജയം. സൈമൺ ഹാർമർ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ പിഴുതു. 15 വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് മത്സരം ജയിക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാത്തിയിൽ ആരംഭിക്കും. സ്കോർ: ദക്ഷിണാഫ്രിക്ക - 159 & 153, ഇന്ത്യ -189 & 93.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായരുന്നു. സ്കോർ ബോർഡിൽ ആദ്യ റൺ പിറക്കുംമുമ്പ് യശസ്വി ജയ്സ്വാൾ (0) പുറത്തായി. പിന്നാലെ ഒറ്റ റണ്ണുമായി കെ.എൽ. രാഹുലും കൂടാരം കയറി. മാർക്കോ യാൻസനാണ് ഓപണർമാരെ വിക്കറ്റ് കീപ്പർ കെയ്‍ൽ വെറൈന്‍റെ കൈകളിലെത്തിച്ചത്. 13 റൺസ് നേടിയ ധ്രുവ് ജുറെലിനെ പുറത്താക്കി ഹാർമർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പരിക്കേറ്റ ഗില്ലിനു പകരം നായകനായ ഋഷഭ് പന്തായിരുന്നു ഹാർമറുടെ അടുത്ത ഇര. രണ്ട് റൺസ് മാത്രം നേടിയ താരത്തെ റിട്ടേൺ ക്യാച്ചിലൂടെയാണ് ഹാർമർ പറഞ്ഞയച്ചത്. ഇതോടെ സ്കോർ നാലിന് 38 എന്ന നിലയിലായി.

ഓൾറൗണ്ടർ ജദേജക്കും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 18 റൺസ് നേടിയ താരത്തെ ഹാർമർ വിക്കറ്റിനു മുന്നിൽ കുരുക്കി. സ്കോർ 72ൽ നിൽക്കേ വാഷിങ്ടൺ സുന്ദറിനെ എയ്ഡൻ മാർക്രം ഹാർമറുടെ കൈകളിലെത്തിച്ചു. കുൽദീപ് യാദവ് (1) പുറത്തായതിനു പിന്നാലെ അക്സർ പട്ടേൽ വമ്പനടികൾ പുറത്തെടുത്തു. കേശവ് മഹാരാജിന്‍റെ ഒരോവറിൽ 16 റൺസടിച്ച താരം ഇതേ ഓവറിൽ പ്രോട്ടീസ് ക്യാപ്റ്റൻ ബവുമക്ക് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറി. തൊട്ടടുത്ത പന്തിൽ സിറാജിനെ മാർക്രമിന്‍റെ കൈകളിലെത്തിച്ച മഹാരാജ്, ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചു. 2012നു ശേഷം ആദ്യമായാണ് ടീം ഇന്ത്യ ഈഡൻ ഗാർഡനിൽ തോൽക്കുന്നത്.

ബവുമയുടെ പോരാട്ടവീര്യം

നേരത്തെ ക്യാപ്റ്റൻ തെംബ ബവുമയുടെ അപരാജിത അർധ സെഞ്ച്വറിയുടെ കരുത്തിലാണ് പ്രോട്ടീസ് 150 കടന്നത്. ഏഴിന് 93 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർ തുടക്കത്തിൽ മികച്ച പ്രതിരോധമാണ് ഒരുക്കിയത്. ഇടക്ക് കോർബിൻ ബോഷ് വമ്പനടികൾ പുറത്തെടുത്തതും കാഴ്ചവിരുന്നായി. ഒടുവിൽ ബോഷിനെ ബൗൾഡാക്കി ബുംറ എട്ടാംവിക്കറ്റ് കൂട്ടുകെട്ട് തകർത്തു. 37 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 25 റൺസാണ് താരം നേടിയത്. സൈമൺ ഹാർമറെ കൂട്ടുപിടിച്ച് സ്കോർ 150 കടത്തിയ ബവുമ ഇതിനിടെ അർധ ശതകവും കുറിച്ചു. ഏഴ് റൺസെടുത്ത ഹാർമറെ സിറാജ് ക്ലീൻബോൾഡാക്കി. ഇതേ ഓവറിൽതന്നെ കേശവ് മഹാരാജിനെ സംപൂജ്യനാക്കി മടക്കി സിറാജ് ഇന്നിങ്സിന് തിരശീലയിട്ടു. മത്സരത്തിലെ ഏക ഫിഫ്റ്റി നേടിയ ബവുമ, 55 റൺസുമായി പുറത്താകാതെ നിന്നു.

30 റൺസ് കടവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ശനിയാഴ്ച ഏഴ് വിക്കറ്റുകൾ നഷ്ടമായിരുന്നു. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡിസോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസൻ (16 പന്തിൽ 13) എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തായത്. ഇതിൽ നാല് വിക്കറ്റും സ്വന്തമാക്കിയത് രവീന്ദ്ര ജദേജയാണ്. പ്രോട്ടീസിനായി മധ്യനിരയിലിറങ്ങിയ ബവുമ മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റുകളടക്കം 15 വിക്കറ്റാണ് രണ്ടാം ദിനം ഈഡൻ ഗാർഡനിൽ വീണത്.

Tags:    
News Summary - India vs South Africa LIVE Score, 1st Test Day 3: Shubman Gill-Less India 93 All Out, Suffer 1st Loss In Kolkata Since 2012

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.