കൊൽക്കത്ത: ലോക ചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പ്രോട്ടീസ് ബാറ്റർമാർ കൂടാരം കയറിയതോടെ, ആദ്യ ഇന്നിങ്സ് 159 റൺസിൽ അവസാനിച്ചു. 31 റൺസ് നേടിയ ഓപണർ എയ്ഡൻ മാർക്രമാണ് സന്ദർശകരുടെ ടോപ് സ്കോറർ. ഓപണർമാർ ഒരുക്കിയ അർധ സെഞ്ച്വറി കൂട്ടുകെട്ട് ഒഴിച്ചുനിർത്തിയാൽ ദക്ഷിണാഫ്രിക്കക്ക് ഇന്നിങ്സിൽ ഓർക്കാനിഷ്ടമുള്ളതൊന്നും അവശേഷിക്കുന്നില്ല. അഞ്ച് വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് പ്രോട്ടീസ് ബാറ്റിങ് നിരയെ കടപുഴക്കിയത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ എയ്ഡൻ മാർക്രവും റയാൻ റിക്കിൾടണും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് സന്ദർശകർക്ക് നൽകിയത്. അർധ സെഞ്ച്വറി പിന്നിട്ട കൂട്ടുകെട്ട്, ഇന്നിങ്സിലെ 11-ാം ഓവറിൽ റിക്കിൾടണെ ബൗൾഡാക്കി ബുംറയാണ് തകർത്തത്. 22 പന്തിൽ നാല് ഫോറുൾപ്പെടെ 23 റൺസാണ് താരം നേടിയത്. സ്കോർ ബോർഡിൽ നാല് റൺസ് കൂടി ചേർക്കുന്നതിനിടെ മാർക്രത്തെ ബുംറ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. 48 പന്ത് നേരിട്ട മാർക്രം, അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 31 റൺസിടിച്ചാണ് പുറത്തായത്.
നാലാം നമ്പരിൽ ക്രീസിലെത്തിയ പ്രോട്ടീസ് നായകൻ ബവുമക്ക് ഏറെ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. നേരിട്ട 11-ാം പന്തിൽ ധ്രുവ് ജുറെലിന് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറിയ താരത്തിന് മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിനാണ് വിക്കറ്റ്. 24 റൺസ് നേടിയ വിയാൻ മുൾഡറെ കുൽദീപ് വിക്കറ്റിനു മുമ്മിൽ കുരുക്കി. ഇത്ര തന്നെ റൺസടിച്ച ടോണി ഡിസോർസിയെ സമാന രീതിയിൽ ബുംറയും പുറത്താക്കി. 16 റൺസെടുത്ത കെയ്‍ൽ വെറെയ്നെ മുഹമ്മദ് സിറാജും പുറത്താക്കിയതോടെ സ്കോർ ആറിന് 146.
പിന്നീടെത്തിയ ബാറ്റർമാർക്ക് രണ്ടക്കം കാണാൻ കഴിയാഞ്ഞതോടെ ശേഷിച്ച നാല് വിക്കറ്റുകൾ 13 റൺസ് ചേർക്കുന്നതിനിടെ വീണു. 74 പന്തുകൾ നേരിട്ട് 15 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു. ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, സിറാജും കുൽദീപും രണ്ട് വീതം പിഴുതു. ശേഷിച്ച ഒരു വിക്കറ്റ് അക്സർ പട്ടേൽ പോക്കറ്റിലാക്കി. 55 ഓവർ മാത്രമാണ് സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് നീണ്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.