ദുബൈ: ഏഷ്യകപ്പിൽ ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കനത്ത മുന്നറിയിപ്പുമായി ദുബൈ പൊലീസ് വീണ്ടും.
സ്റ്റേഡിയത്തിലേക്ക് പതാകകള്‍, ബാനറുകള്‍, ലേസര്‍ പോയിന്ററുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പടക്കങ്ങള്‍ തുടങ്ങി കൊണ്ടുവരാന്‍ അനുമതിയില്ലാത്തവയുടെ പട്ടിക പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയോ പടക്കംപോലുള്ള വസ്തുക്കള്‍ കൈവശംവെക്കുകയോ ചെയ്താല്‍ മൂന്നുമാസംവരെ തടവും 1.2 ലക്ഷം രൂപയില്‍ കുറയാത്തതും 7.2 ലക്ഷം രൂപയില്‍ കവിയാത്തതുമായ പിഴശിക്ഷയും ലഭിക്കും.
കാണികള്‍ക്കുനേരെ എന്തെങ്കിലും എറിയുകയോ മോശപ്പെട്ടതോ വംശീയമോ ആയ ഭാഷ പ്രയോഗിക്കുകയോ ചെയ്താല്‍ 2.4 ലക്ഷം മുതല്‍ 7.2 ലക്ഷം വരെ പിഴയും ലഭിക്കും. നാടുകടത്തലും തടവ് ശിക്ഷയും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റില്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുമ്പോഴുണ്ടാകാവുന്ന അതി വൈകാരികത സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള മുൻകരുതലാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്താന്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഹൽഗാം ഭീകരാക്രമണത്തോടെ ഇനി ഒരു വേദിയിലും പാകിസ്താനെതിരെ കളിക്കരുതെന്ന അഭിപ്രായം പ്രമുഖരായ പല മുൻ താരങ്ങളും ഉയർത്തിയിരുന്നു. എങ്കിലും കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യ ഒരിക്കൽക്കൂടി പാക് സംഘവുമായി കൊമ്പുകോർക്കുകയാണ്.
പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ജയം ഇരു ടീമിനും മുമ്പത്തേക്കാളധികം അഭിമാനപ്രശ്നമായിട്ടുണ്ട്. വിജയികൾക്ക് സൂപ്പർ ഫോറിലും ഇടമുറപ്പിക്കാം.
ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയും പാകിസ്താനും. സൂര്യകുമാർ യാദവിനും സംഘത്തിനും ആദ്യ കളി യു.എ.ഇക്കെതിരെയായിരുന്നു. ദുർബലരോട് വലിയ മാർജിനിൽ ജയിക്കാനായി. മറുതലക്കൽ ഒമാനെ തകർത്ത് പാകിസ്താനും തുടങ്ങി. യു.എ.ഇയെ ഇന്ത്യ വെറും 57 റൺസിനാണ് എറിഞ്ഞത്. ഒമാനാവട്ടെ പാകിസ്താനോട് 67ന് പുറത്തായി. ഇന്ന് നടക്കുന്ന കളിയിൽ ഇരു ടീമിന്റെയും ആത്മവിശ്വാസം കൂട്ടാൻ ഈ ജയങ്ങൾ സഹായിച്ചിട്ടുണ്ട്. യു.എ.ഇക്കെതിരെ ഇന്ത്യ രംഗത്തിറക്കിയ പ്ലേയിങ് ഇലവനിലെ ഭൂരിഭാഗംപേരും മികച്ച പ്രകടനമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.