ലണ്ടൻ: മാരക ബൗളിങ്ങുമായി ടെസ്റ്റിൽ ഒരിക്കലൂടെ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷമാക്കിയ ജസ്പ്രീത് ബുംറയുടെ ചിറകേറി ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ ആറു റണ്ണിന്റെ നേരിയ ലീഡ് പിടിച്ച് ഇന്ത്യ.
99 റൺസിൽ ഹാരി ബ്രൂക്കും 465ൽ ഇംഗ്ലണ്ടും വീണതോടെയാണ് ഞായറാഴ്ച ഹെഡിങ്ലിയിൽ കൈവിട്ട ലീഡ് തിരിച്ചുപിടിച്ച് ഇന്ത്യ പ്രതീക്ഷ സജീവമാക്കിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എടുത്തിട്ടുണ്ട്. ജയ്സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. സ്കോർ ഇന്ത്യ 471, ഇംഗ്ലണ്ട് 465. ഇന്ത്യ
ഇന്ത്യ ഉയർത്തിയ 471നെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസുമായി മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ അടികിട്ടി. വൺ ഡൗണായി എത്തി കഴിഞ്ഞ ദിവസം സെഞ്ച്വറി തികച്ച ഓലി പോപ് ആറു റൺസ് മാത്രം ചേർത്ത് 106 റൺസുമായി പുറത്തായി.
പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഋഷഭ് പന്തിനായിരുന്നു ക്യാച്ച്. അതോടെ ആടിയുലയുമെന്ന് തോന്നിച്ച കപ്പൽ ദിശ നഷ്ടപ്പെടാതെ പിടിച്ചുനിർത്തി ഹാരി ബ്രൂക്ക് കളി കൈയിലെടുത്തു. പൂജ്യം റൺസിൽ കൈവിട്ട ക്യാച്ചിന്റെ ആനുകൂല്യത്തിൽ ബാറ്റിങ് തുടർന്ന താരം സെഞ്ച്വറിക്ക് ഒറ്റ റൺ അകലെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഷാർദുൽ താക്കൂറിന് ക്യാച്ച് നൽകി മടങ്ങി. 112 പന്തിൽ 11 ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ 99 റൺസ്. കരിയറിൽ 12ാം അർധ സെഞ്ച്വറി പൂർത്തിയാക്കിയെന്ന നേട്ടവും ബ്രൂക്ക് അതിനിടെ സ്വന്തമാക്കി. വ്യക്തിഗത സ്കോർ 82ലും താരത്തിന്റെ ക്യാച്ച് ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടിരുന്നു.
പഴയ പന്ത് ബൗളർമാരെ തുണക്കാതെയായതോടെ ഇംഗ്ലീഷ് ബാറ്റർമാർ അവസരം മുതലെടുത്ത് സ്കോർ അതിവേഗം ഉയർത്തി. അംപയർ പോൾ റീഫലുടെ മുമ്പിൽ പരാതിയുമായെത്തിയ ഋഷഭ് പന്ത് പ്രതികരണമില്ലാതെ വന്നതോടെ പന്ത് നിലത്തെറിയുന്നതും കണ്ടു. മുഹമ്മദ് സിറാജടക്കം ഈ ഘട്ടത്തിൽ നന്നായി തല്ലുകൊണ്ടു. എന്നാൽ, ക്യാപ്റ്റൻ സ്റ്റോക്സ് 20 റൺസുമായി സിറാജിന്റെ പന്തിൽ വിക്കറ്റ് കീപർക്ക് ക്യാച്ച് നൽകി മടങ്ങിയത് സന്ദർശക നിരയിൽ പ്രതീക്ഷ പകരുന്നതായി.
പിറകെ, ജാമി സ്മിത്തും ക്രിസ് വോക്സും പിടിച്ചുനിന്ന് കളിച്ചത് ഇംഗ്ലണ്ട് ലീഡ് പിടിക്കുമെന്നിടത്തെത്തിച്ചു കാര്യങ്ങൾ. 52 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറുമടക്കം 40 അടിച്ച സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ മടക്കിയപ്പോൾ വോക്സിന്റെ കുറ്റി തെറിപ്പിച്ച് ബുംറ ഒരിക്കലൂടെ ടീം ഇന്ത്യയുടെ വജ്രായുധമായി. ബ്രൈഡൻ കാഴ്സ് മാത്രമായിരുന്നു വാലറ്റത്ത് അൽപമെങ്കിലും പിടിച്ചുനിന്നത്. 23 പന്തിൽ 22 റൺസ് അടിച്ച കാഴ്സിനെ സിറാജ് ബൗൾഡാക്കിയപ്പോൾ ഇന്ത്യക്ക് ആറു റൺ ഒന്നാം ഇന്നിങ്സ് ലീഡ് നൽകി ജോഷ് ടോംഗിനെ ബുംറയും മടക്കി. 100.4 ഓവർ ബാറ്റു ചെയ്ത ആതിഥേയർക്ക് 465 റൺസായിരുന്നു സമ്പാദ്യം. മോശം ഫീൽഡിങ്ങാണ് ഇംഗ്ലണ്ടിന്റെ സ്കോർ ഇന്ത്യക്കൊപ്പമെത്താൻ സഹായിച്ചത്. ബുംറ അർഹിച്ച ക്യാച്ച് പലപ്പോഴും ഫീൽഡർമാർ വെറുതെ നഷ്ടപ്പെടുത്തിയത് സങ്കടക്കാഴ്ചയായി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തിട്ടുണ്ട്. 96 റൺസിന്റെ ലീഡാണുള്ളത്. നാല് റൺസെടുത്ത യശസ്വി ജയ്സ്വാളും 30 റൺസെടുത്ത സായ് സുദർശനുമാണ് പുറത്തായത്. 47 റൺസുമായി കെ.എൽ.രാഹുലും ആറു റൺസുമായി നായകൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.