ദുബൈ: ചാമ്പ്യൻസ് ട്രോഫി ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ടീമിൽ നാലു സ്പിന്നർമാരുണ്ട്. രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ് ടീമിലെ സ്പിന്നർമാർ.
ഓസീസ് ടീമിൽ രണ്ടു സ്പിന്നർമാരെ ഉൾപ്പെടുത്തി. മാറ്റ് ഷോർട്ടിനു പകരം കൂപ്പർ കൊണോളിയും സ്പെൻസർ ജോൺസനു പകപം തൻവീർ സംഗയും ടീമിലെത്തി. 2023 ഏകദിന ലോകകപ്പിലെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെയും ഫൈനലിസ്റ്റുകളാണ് ഇന്ത്യയും ആസ്ട്രേലിയയും. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ബുധനാഴ്ച ലാഹോറിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് രണ്ടാം സെമിയിലെ വിജയികളായിരിക്കും ഫൈനലിലെ മറ്റൊരു ടീം.
ഒരു ഐ.സി.സി ഇവന്റിലെ നോക്കൗട്ടിൽ ഇന്ത്യ ഏറ്റവും ഒടുവിലായി ആസ്ട്രേലിയക്കെതിരെ ജയിക്കുന്നത് 2011ലാണ്. തുടർന്നിങ്ങോട്ട് വമ്പൻ ടൂർണമെന്റുകളുടെ നോക്കൗട്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ തോൽവിയായിരുന്നു ഇന്ത്യക്ക്. 2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസീസിനെ പരാജയപ്പെടുത്തി. 2015ലെ ലോകകപ്പ് സെമി ഫൈനലിലും 2023ലെ ഫൈനലിലും ഇതേവർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലുമെല്ലാം കംഗാരു നാട്ടുകാർക്കായിരുന്നു ജയം. 14 വർഷത്തിനിപ്പുറം ഓസീസിനെതിരെ ഐ.സി.സി നോക്കൗട്ട് മത്സരം വിജയിക്കുകയെന്ന വെല്ലുവിളിയാണ് രോഹിത്തിന് മുന്നിലുള്ളത്.
ഗ്രൂപ് എയിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ വരവ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.