ടീം ഇന്ത്യ (ബി.സി.സി.ഐ പങ്കുവെച്ച ചിത്രം)

മൈറ്റി ഓസീസിനെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ ഫൈനലിൽ; ചേസ് മാസ്റ്റർ കോഹ്‌ലിക്ക് ഫിഫ്റ്റി

ദുബൈ: ഒന്നര വർഷം മുമ്പ് നടന്ന ലോകകപ്പ് ഫൈനലിൽ സ്വന്തം നാട്ടിലേറ്റ പരാജയത്തിന് ദുബൈയിൽ പകവീട്ടി ടീം ഇന്ത്യ. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ആസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്ത് നീലക്കുപ്പായക്കാർ ഫൈനൽ ബർത്ത് ഉറപ്പിച്ചു. അർധ സെഞ്ച്വറി നേടിയ ചേസ് മാസ്റ്റർ വിരാട് കോഹ്‌ലിയാണ് (98 പന്തിൽ 84) ഇന്ത്യയുടെ വിജയ ശില്പി. കളിയിലെ താരവും കോഹ്‌ലിയാണ്. ബുധനാഴ്ചത്തെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക - ന്യൂസിലൻഡ് പോരാട്ടത്തിൽ ജ‍യിക്കുന്ന ടീമിനെ ഇന്ത്യ ഞായറാഴ്ച ഫൈനലിൽ നേരിടും. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. സ്കോർ: ആസ്ട്രേലിയ - 49.3 ഓവറിൽ 264ന് പുറത്ത്, ഇന്ത്യ - 48.1 ഓവറിൽ ആറിന് 267.

കോഹ്‌ലിയുടെ ക്ലാസ് ഇന്നിങ്സിന് പുറമെ നായകൻ രോഹിത് ശർമ (29 പന്തിൽ 28), ശ്രേയസ് അയ്യർ (62 പന്തിൽ 45), കെ.എൽ. രാഹുൽ (34 പന്തിൽ 42*), ഹാർദിക് പാണ്ഡ്യ (24 പന്തിൽ 28) എന്നിവരുടെ ഇന്നിങ്സും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഓപണർ ശുഭ്മൻ ഗിൽ എട്ട് റൺസുമായി പുറത്തായി. മത്സരത്തിന്‍റെ ഒരുഘട്ടത്തിലും ഇന്ത്യൻ ബാറ്റർമാർക്കുമുന്നിൽ വലിയ വെല്ലുവിളി ഉയർത്താൻ ഓസീസിനായില്ല. ഇടക്ക് ഫീൽഡിൽ ക്യാച്ചുകൾ കൈവിട്ടതും ഇന്ത്യക്ക് അനുകൂലമായി. ആസ്ട്രേലിയക്കെതിരെ ഒരു ടീം നോക്ക്ഔട്ട് റൗണ്ടിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ റൺറേറ്റ് താഴാതെ ബാറ്റ് ചെയ്യാനാണ് ഇന്ത്യ ശ്രമിച്ചത്. ഒന്നാം നമ്പർ ബാറ്ററായ ശുഭ്മൻ ഗിൽ നേരത്തെ മടങ്ങി. ഇടക്ക് ക്യാപ്റ്റൻ രോഹിത്തിന് രണ്ട് തവണ ക്യാച്ച് ഡ്രോപായി വമ്പൻ സ്കോർ നേടാനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം ഓവറിൽ കൂപ്പർ കൊണോലിയും തൊട്ടടുത്ത ഓവറിൽ മാർനസ് ലബൂഷെയ്നുമാണ് ഇന്ത്യൻ നായകനെ കൈവിട്ടത്. ഒടുവിൽ എട്ടാം ഓവറിൽ കൊണോലി തന്നെ രോഹിത്തിനെ വിക്കറ്റിനു മുന്നിൽ കുരുക്കി.

അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിങ്

 98 പന്തുകൾ നേരിട്ട കോഹ്‌ലിയുടെ ബാറ്റിങ് ഇന്ത്യൻ ഇന്നിങ്സിന്‍റെ അടിത്തറയായി. ഇതിനിടെ ചേസിങ്ങിലൂടെ മാത്രം 8000 റൺസെന്ന നാഴിക്കല്ല് പിന്നിടാൻ വിരാടിനായി. അർഹിച്ച സെഞ്ച്വറി പക്ഷേ അനാവശ്യ ഷോട്ടിലൂടെ താരം നഷ്ടപ്പെടുത്തി. അവസാന ഓവറുകളിൽ കെ.എൽ. രാഹുലും ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചതോടെ ഇന്ത്യ 11 പന്തുകൾ ബാക്കിനിൽക്കെ ജയംപിടിച്ചു. ആസ്ട്രേലിയക്കായി നേഥൻ എല്ലിസ്, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

ഓസീസ് 264ന് പുറത്ത്

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിരയിൽ അലക്സ് കാരിയും നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 49.3 ഓവറിൽ 264ന് ആസ്ട്രേലിയ ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, രവീന്ദ്ര ജദേജ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് സ്കോർ ബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ ഓപണർ കൂപ്പർ കൊണോലിയെ (പൂജ്യം) നഷ്ടമായി.

ഇന്ത്യക്കെതിരെ സ്മിത്തിന്‍റെ ബാറ്റിങ്

ഒരറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറഞ്ഞ ട്രാവിസ് ഹെഡ് (33 പന്തിൽ 39) ഓസീസ് സ്കോർ ഉയർത്തി. ഒമ്പതാം ഓവറിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകി താരം മടങ്ങുമ്പോൾ ഓസീസ് സ്കോർ 54 ആയിരുന്നു. പിന്നാലെയെത്തിയ മാർനസ് ലബൂഷെയ്നൊപ്പം നായകൻ സ്റ്റീവ് സ്മിത്ത് ഓസീസ് സ്കോർ 100 കടത്തി. 29 റൺസുമായി ലബൂഷെയ്നും 11 റൺസുമായി ജോഷ് ഇംഗ്ലിസും കൂടാരം കയറിയെങ്കിലും സ്മിത്ത് ഒരറ്റത്ത് നങ്കൂരമിട്ടു കളിച്ചു. ഇരുവരെയും രവീന്ദ്ര ജദേജയാണ് പുറത്താക്കിയത്.

സ്കോർ 198ൽ നിൽക്കെ മുഹമ്മദ് ഷമിയുടെ ഫുൾടോസ് പന്തിൽ സ്മിത്ത് ക്ലീൻ ബോൾഡായി. 96 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 73 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീട് അലക്സ് കാരി വമ്പനടികളുമായി കളം നിറഞ്ഞതോടെ സ്കോർ 250നടുത്ത് എത്തി. ഇന്നിങ്സ് സ്കോർ 249ൽ നിൽക്കേ ശ്രേയസ് അയ്യർ കാരിയെ റണ്ണൗട്ടാക്കി. 57 പന്തിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 61 റൺസാണ് താരത്തിന്‍റെ സംഭാവന.

വമ്പനടിക്കാരനായ ഗ്ലെൻ മാക്സ്വെലിനെ (ഏഴ്) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ബെൻ ഡ്വാർഷൂയിസ് 19 റൺസ് നേടി. ആദം സാംപ ഏഴും നേഥൻ എല്ലിസ് പത്തും റൺസുമായി പുറത്തായി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഓസീസിന്‍റെ ഇന്നിങ്സ് 49.3 ഓവറിൽ അവസാനിച്ചു.

Tags:    
News Summary - India vs Australia Champions Trophy Semi Final Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.