എല്ലാം കഴിഞ്ഞു എന്ന് കരുതിയിരിക്കുന്ന സമയത്ത് വാലറ്റത്ത് ഇന്ത്യൻ ബൗളർമാരുടെ മാസ്മരിക രക്ഷപ്രവർത്തനം. ഫോളോ ഓണെന്ന നാണക്കേടിൽ നിന്നും ഇന്ത്യയെ അക്ഷരാർത്ഥത്തിൽ രക്ഷിച്ചെടുക്കുകയായിരുന്നു ജസ്പ്രീത് ബുംറയും ആകാശ് ദീപും. പത്താം വിക്കറ്റിൽ 39 റൺസിന്‍റെ കൂട്ടുക്കെട്ടുമായി നാലം ദിനം സ്റ്റമ്പ് എടുക്കുമ്പോൽ ഇരുവരും അജയ്യരായി നിൽക്കന്നു. ആകാശിന് 27 റൺസും ബുംറക്ക് 10 റൺസുമാണ് നിലവിലുള്ളത്.
മത്സരത്തിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെ ഇന്ത്യ 252ന് ഒമ്പത് എന്ന നിലയിലാണ്. ഇപ്പോഴും ആസ്ട്രേലിയക്ക് 193 റൺസിന്‍റെ ലീഡുണ്ട്. എന്നാൽ ഒരു ദിനം മാത്രം ബാക്കിയിരിക്കെ മത്സരം സമനിലയിൽ പിരിയാനാണ് ഏറിയ സാധ്യതകളും. ബാറ്റ് കൊണ്ടും ബാള് കൊണ്ടും അസാധ്യ പ്രകടനം കാഴ്ചവെച്ച് ആസ്ട്രേലിയയെ ഇന്ത്യയെക്കാൾ കൂടുതൽ തോൽപ്പിച്ചമത് മഴയാണ്. ഇടക്കിടെ എത്തിയ മഴ എളുപ്പം വിക്കറ്റെടുക്കാനുള്ള സാധ്യതകൾ കുറച്ചു. പ്രധാന പേസ് ബൗളറായ ജോഷ് ഹെയ്സൽവുഡിന് പരിക്കേറ്റതും ഓസീസിന് തിരിച്ചടിയായി. ഒടുവിൽ ആകാശിന്‍റെയും ബുംറയുടെയും മാസ്മരികത.
നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസുമായാണ് ഇന്ത്യ നാലാം ദിനം കളി ആരംഭിച്ചിത്. 33 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ.എൽ രാഹുലിനെ നാലം ദിനം ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ ഫീൽഡ് ചെയ്ത സ്റ്റീവ് സ്മിത്ത് ക്യച്ച് ഡ്രോപ്പ് ചെയ്തു. നായകൻ രോഹിത് ശർമ (10) വീണ്ടും നിരാശപ്പെടുത്തി പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീടെത്തിയ ജഡേജയും രാഹുലും ക്രീസിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമത്തിലായിരുന്നു. സ്ട്രൈക്ക് കൈമാറിയും മോശം ബോളുകൾ ബൗണ്ടറി കടത്തിയും ഇരുവരും ഇന്ത്യക്ക് ഇടക്കാല ആശ്വാസം നൽകി. ആറാം വിക്കറ്റിൽ 67 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. ഒടുവിൽ 80 റൺസും കഴിഞ്ഞ് മുന്നേറിയിരുന്ന രാഹുൽ സ്മിത്ത് നേടിയ സൂപ്പർ ക്യാച്ചിൽ പുറത്താകുകയായിരുന്നു.
നഥാൻ ലിയോണിന്‍റെ പന്ത് തേർഡ് മാനിലേക്ക് ലേറ്റ് കട്ടിന് ശ്രമിച്ച രാഹുലിനെ ഞെട്ടിച്ച് സ്മിത്ത് ഒരു ബ്ലൈൻഡർ ക്യാച്ച് നേടുകയായിരുന്നു. പിന്നീടെത്തിയ നിതീഷ് കുമാർ റെഡ്ഡിയെ കൂട്ടിനുപിടിച്ച് ജഡേജ സ്കോർബോർഡ് ചലിപ്പിച്ചു. 61 പന്തിൽ 16 റൺസാണ് റെഡ്ഡി നേടിയതെങ്കിലും ജഡേജയുമായുള്ള ചെറുത്ത് നിൽപ്പ് അപാരമായിരുന്നു. 53 റൺസ് ഇരുവരും ചേർന്ന് നേടി. റെഡ്ഡിക്ക് ശേഷമെത്തിയ മുഹമ്മദ് സിറാജും (1) 12 റൺസിന് ശേഷം രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ ഫോളോ ഓൺ ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്. ഏഴ് ഫോറും ഒരു സിക്സറുമടിച്ച് 73 റൺസ് നേടിയ ജഡേജ മികച്ച ബാറ്റിങ്ങായിരുന്നു കാഴ്ചവെച്ചത്. ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കിയതിൽ ജഡേജയുടെ പങ്ക് വളരെ വലുതാണ്. രണ്ട് ഫോറും ഒരു സിക്സറുമടിച്ചാണ് ആകാശ് 27 റൺസ് നേടിയത് ബുംറയുടെ 10 റൺസിന്‍റെ ഇന്നിങ്സിൽ ഒരു സിക്സറുണ്ട്.
ആസ്ട്രേലിയക്കായി കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് സ്വന്തമാക്കി. നഥാൻ ലിയോൺ ജോഷ് ഹെയ്സൽ വുഡ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.