മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടരും.
ഒരു വർഷത്തെ ഇടവേളക്കുശേഷം പേസർ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. അക്സർ പട്ടേൽ വൈസ് ക്യാപ്റ്റനാകും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റിൽ പന്ത് സജീവമായെങ്കിലും ട്വന്‍റി20യിൽ സഞ്ജു തന്നെ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറേലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ട്വന്‍റി20 ടീമിലെത്തി.
ജനുവരി 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ആദ്യ മത്സരം. 25ന് ചെന്നൈ, 28ന് രാജ്കോട്ട്, 31ന് പുണ, രണ്ടിന് വാങ്കഡെ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. ജിതേഷ് ശർമക്കും പകരക്കാരനായാണ് ജുറേൽ ടീമിലെത്തിയത്. സഞ്ജു ഓപ്പണറാകും. പരിക്കു കാരണമാണ് റിയാൻ പരാഗിനെ ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിന പരമ്പയും കളിക്കുന്നുണ്ട്.
ഷമിക്കു പുറമെ, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ. സ്പിന്നർമാരായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി. സൂര്യകുമാറിനെ കൂടാതെ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരാണ് ടീമിലെ ബാറ്റർമാർ.
2023 നവംബറിൽ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. 24 വിക്കറ്റുകളുമായി ടൂർണമെന്‍റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായിരുന്നു. താരത്തിന്‍റെ മടങ്ങിവരവ് ഇന്ത്യൻ പേസ് ആക്രമണത്തിന് കൂടുതൽ കരുത്തുപകരും. ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 11 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിൽ മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ചു വിക്കറ്റും നേടിയിരുന്നു.
ചാമ്പ്യൻസ് ട്രോഫി ടീമിലും താരം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അടുത്തിടെ നെറ്റ്സിൽ ബൗളിങ് പരിശീലനം നടത്തുന്ന വിഡിയോ താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകീട്ടാണ് ബി.സി.സി.ഐ ആസ്ഥാനത്ത് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നത്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് വർമ, തിലക് വർമ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, ധ്രുവ് ജുറേൽ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി. വാഷിങ്ടൺ സുന്ദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.