മുഹമ്മദ് ഷമി

‘ഫിറ്റ്നസ് പ്രശ്നങ്ങളില്ല, അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്...’; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പേസർ മുഹമ്മദ് ഷമി

മുംബൈ: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഉൾപ്പെടാതെ വന്നതോടെ പേസർ മുഹമ്മദ് ഷമിയുടെ കാലം കഴിഞ്ഞെന്ന തരത്തിൽ ചർച്ചകൾ നടക്കുകയാണ്. മാർച്ചിൽ നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലാണ് താരം അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്.

ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനുവേണ്ടിയും കളിക്കാനിറങ്ങിയെങ്കിലും താരത്തിന് താളം കണ്ടെത്താനായില്ല. 2023ലെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു താരം. ഏറെ നാളത്തെ വിശ്രമത്തിനു ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോമിലേക്ക് ഇതുവരെ താരത്തിന് എത്താനായിട്ടില്ല. ഇതോടെ താരം വിരമിക്കുമെന്നു വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിൽ തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഷമി. ‘ആസ്ട്രേലിയൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിൽ എന്‍റെ അഭിപ്രായമാണ് ജനത്തിന് അറിയേണ്ടത്. സെലക്ഷൻ എന്‍റെ കൈയിലുള്ള കാര്യമല്ല എന്നാണ് പറയാനുള്ളത്; സെലക്ഷൻ കമ്മിറ്റിയുടെയും പരിശീലകന്‍റെയും ക്യാപ്റ്റന്‍റെയും ജോലിയാണത്. എന്നെ ടീമിലെടുക്കണമെന്ന് അവർക്ക് തോന്നിയാൽ ഞാൻ ടീമിലുണ്ടാകും. കൂടുതൽ സമയം വേണമെന്ന് അവർക്ക് തോന്നിയാൽ, സമയമെടുക്കും. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പരിശീലനം തുടരും’ -ഷമി പറഞ്ഞു.

ഫിറ്റ്നസ് മികച്ചതാണ്. കളത്തിനു പുറത്തായതുകൊണ്ടു തന്നെ കഠിന പരിശീലനത്തിലാണ്. ദുലീപ് ട്രോഫിയിൽ കളിച്ചു, താളം കണ്ടെത്താനായി, 35 ഓവർ പന്തെറിഞ്ഞു. തനിക്ക് ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഷമി കൂട്ടിച്ചേർത്തു. ടീമിലേക്ക് തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഷമി. എന്നാൽ, ദീർഘനാളായി പുറത്തിരിക്കുന്ന ഷമിക്ക് ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യത വിരളമാണെന്ന് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര പറയുന്നു.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ സ്പിന്നർ വരുൺ ചക്രവർത്തിക്കൊപ്പം ഷമിയുമുണ്ടായിരുന്നു. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കും താരത്തെ പരിഗണിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2023ലാണ്. ഐ.സി.സി ടൂർണമെന്‍റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളറാണ് ഷമി. ഏതാനും വർഷങ്ങളായി താരത്തെ തുടർച്ചയായി പരിക്കുകൾ വേട്ടയാടുന്നതാണ് അവസരങ്ങൾ കുറച്ചത്.

ഈസ്റ്റ് സോണിനായി ദുലീപ് ട്രോഫി കളിച്ച 35കാരൻ ഷമി, ഒരു വിക്കറ്റാണ് നേടിയത്. ഐ.പി.എല്ലിലും താരത്തിന് തിളങ്ങാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദിനായി പന്തെറിഞ്ഞ താരത്തിന് ആറു വിക്കറ്റ് മാത്രമാണ് നേടാനായത്. താരത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags:    
News Summary - India pacer Mohammed Shami breaks silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.