ഓജക്ക് സെഞ്ച്വറി; റോഡ് സേഫ്റ്റി വേൾഡ് സീരീസ് കിരീടം ഇന്ത്യ ലെജൻഡ്‌സിന്

റായ്പുര്‍: തുടർച്ചയായ രണ്ടാം തവണയും റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ക്രിക്കറ്റ് കിരീടം നേടി ഇന്ത്യ ലെജന്‍ഡ്‌സ്. സചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍ 33 റൺസിനാണ് ശ്രീലങ്ക ലെജന്‍ഡ്‌സിനെ പരാജയപ്പെടുത്തിയത്.

നമന്‍ ഓജയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.5 ഓവറില്‍ 162 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 195. ശ്രീലങ്ക 18.5 ഓവറില്‍ 162 ന് ഓള്‍ ഔട്ട്.

71 പന്തുകളില്‍ 15 ഫോറുകളും രണ്ട് സിക്‌സുകളും ഉൾപ്പെടെ 108 റണ്‍സെടുത്ത് ഓജ പുറത്താകാതെ നിന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ സചിന്‍ പുറത്തായത് ആരാധകരെ നിരാശരാക്കി. 21 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത വിനയ് കുമാറും 19 റണ്‍സെടുത്ത യുവരാജ് സിങ്ങും ഓജക്ക് പിന്തുണ നൽകി.

സുരേഷ് റെയ്‌ന (നാല്), ഇര്‍ഫാന്‍ പത്താന്‍ (11), യുസഫ് പഠാന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ട് പന്തില്‍നിന്ന് എട്ട് റണ്‍സുമായി സ്റ്റുവര്‍ട്ട് ബിന്നി പുറത്താവാതെ നിന്നു. ശ്രീലങ്ക ലെജന്‍ഡ്‌സിനായി നുവാന്‍ കുലശേഖര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇസുരു ഉദാന രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്‍ ജയരത്‌നെ ഒരു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കം തന്നെ പാളി. ടീം 41 റൺസെടുക്കുന്നതിനിടെ സനത് ജയസൂര്യ, ദില്‍ഷന്‍ മുനവീര, തിലകരത്‌നെ ദില്‍ഷന്‍, ഉപുല്‍ തരംഗ എന്നീ പ്രധാന ബാറ്റര്‍മാരെല്ലാം പുറത്തായി. വെറും 22 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്ന ഒരുവേള ടീമിന് പ്രതീക്ഷ നൽകിയിരുന്നു.

ജീവന്‍ മെന്‍ഡിസ് (20), മഹേല ഉദവത്തെ (26) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യ ലെജന്‍ഡ്‌സിനുവേണ്ടി വിനയ് കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. മിഥുന്‍ രണ്ട് വിക്കറ്റ് നേടി. രാജേഷ് പവാര്‍, സ്റ്റുവര്‍ട്ട് ബിന്നി, രാഹുല്‍ ശര്‍മ, യൂസഫ് പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Tags:    
News Summary - India Legends clinch Road Safety World Series 2022 title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.