ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനായി ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയ യുവ പേസർ ഹർഷിത് റാണയെ ഒഴിവാക്കി ടീം മാനേജ്മെന്‍റ്.
ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ടായിരുന്ന റാണയെ കവർ താരമായാണ് ലീഡ്സ് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. 23കാരൻ ഇന്ത്യക്കായി രണ്ടു ടെസ്റ്റും അഞ്ചു ഏകദിനവും ഒരു ട്വന്റി20യും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനായി കളത്തിലിറങ്ങിയെങ്കിലും റാണക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. 27 ഓവർ പന്തെറിഞ്ഞ താരം 99 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.
‘ഹർഷിത് റാണയെ സ്ക്വാഡിൽനിന്ന് റിലീസ് ചെയ്തു. ജൂലൈ നാലിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി റാണ ബർമിങ്ഹാമിലേക്ക് ടീമിനൊപ്പം പോയിട്ടില്ല’ - ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. ഇരു ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളടക്കം 835 റൺസ് നേടിയിട്ടും ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അവസാന ദിനം ജയിക്കാൻ 350 റൺസ് കൂടി വേണ്ടിയിരുന്ന ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കളിയുടെ അവസാന മണിക്കൂറിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനായി സെഞ്ച്വറിയുമായി ബെൻ ഡക്കറ്റ് (149) തിളങ്ങി. ഇന്ത്യക്കായി രണ്ട് തുടർ വിക്കറ്റുമായി ഷാർദുൽ താക്കൂർ പ്രതീക്ഷ നൽകിയെങ്കിലും ഇംഗ്ലണ്ട് ബാറ്റർമാർ പതറിയില്ല. ഇടക്ക് പെയ്ത മഴയും ഇന്ത്യയുടെ രക്ഷക്കെത്തിയില്ല. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, അഞ്ചിന് 373.
സാക് ക്രോളി (65) ജോ റൂട്ട്സ് (53 നോട്ടൗട്ട്), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരും ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ക്യാപ്റ്റനെന്നനിലയിൽ കന്നി ടെസ്റ്റിനിറങ്ങിയ ശുഭ്മാൻ ഗിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. റിഷഭ് പന്തും യശ്വസി ജയ്സ്വാളും ഒപ്പം ശതകനേട്ടം കൈവരിച്ചു. രണ്ടാമിന്നിങ്സിൽ പന്ത് സെഞ്ച്വറി ആവർത്തിച്ചു. ഒപ്പം കെ.എൽ രാഹുലും നൂറ് കടന്നു. മികച്ച നിലയിൽ നിന്ന് എളുപ്പം വിക്കറ്റുകൾ വലിച്ചെറിഞ്ഞ മധ്യനിരയുടെ പ്രകടനമാണ് തോൽവിയിലേക്ക് നയിച്ചത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ രണ്ടാമിന്നിങ്ങ്സിൽ മങ്ങിയത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.