രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പര നേരത്തേ പിടിക്കാൻ ഇന്ത്യ ഇന്ന് രാജ്കോട്ടിൽ ഇറങ്ങുന്നു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ച് നില ഭദ്രമാക്കിയവർക്ക് ഇന്നുകൂടി ജയിക്കാനായാൽ ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങളിൽ ആത്മവിശ്വാസം ഉയർത്തുന്നതാകും.
സൂര്യകുമാർ എന്ന 34കാരൻ നായകനായി തിളങ്ങുമ്പോഴും ബാറ്ററായി പിറകോട്ടുപോകുന്നുവെന്ന ക്ഷീണം തീർക്കൽകൂടി രാജ്കോട്ടിൽ ലക്ഷ്യമാകും. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ 2021നുശേഷം തുടർന്നുള്ള രണ്ടു വർഷങ്ങളിലും 45 ശരാശരിയിൽനിന്ന താരം 2024ൽ 26.81 ശരാശരിയിൽ മോശം ഫോമുമായി മല്ലിടുകയായിരുന്നു. ഈ വർഷവും കാര്യമായ മികവ് കാട്ടാനാകാത്തത് വെല്ലുവിളിയാകുന്നുണ്ട്. അഭിഷേകും സഞ്ജുവുമടക്കം പരാജയമായിട്ടും തിലക് വർമയെന്ന ഒറ്റയാന്റെ കരുത്തിലാണ് രണ്ടാം ട്വന്റി20യിൽ ആതിഥേയർ ജയം പിടിച്ചത്. ജൊഫ്ര ആർച്ചറും മാർക് വുഡും ചേർന്ന ബൗളിങ് നിര ഇനിയും ക്ലിക്കാകാത്തത് ഇന്ത്യക്ക് അനുഗ്രഹമാകും. ആർച്ചർ കഴിഞ്ഞ കളിയിൽ നന്നായി തല്ലുകൊണ്ടിരുന്നു.
അർഷ്ദീപ് നയിക്കുന്ന ഇന്ത്യൻ പേസ് ആദ്യ കളിയിൽ മികവുകാട്ടിയെങ്കിലും രണ്ടാം മത്സരത്തിൽ ശരാശരിയിൽ നിന്നു. എട്ടു ബാറ്റർമാർക്ക് അവസരം നൽകിയുള്ള ഇന്ത്യൻ ഇലവനിൽ രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി എന്നിവരും ഹാർദിക് പാണ്ഡ്യയും ബൗളിങ്ങിൽ നിർണായകമാകും. റിങ്കുവും നിതീഷ് റെഡ്ഡിയും പരിക്കുമാറി തിരിച്ചെത്താത്തതിനാൽ ശിവം ദുബെയോ രമൺദീപ് സിങ്ങോ ടീമിൽ ഇടംനേടിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.