മുംബൈ: ഇന്ത്യന്‍ ടീമില്‍ കളിക്കാനാകാത്തതിന്‍റെ നിരാശയിലാണ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് ഗുജറാത്തിന്‍റെ സൂപ്പർതാരം പ്രിയങ്ക് പഞ്ചാൽ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന താരം, ഇനി ഒരിക്കലും ഇന്ത്യൻ ടീമിൽ ഇടംനേടാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഏവരെയും ഞെട്ടിച്ച് ക്രിക്കറ്റില്‍നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തത്.
ക്രിക്കറ്റ് കരിയർ തുടങ്ങിയതു മുതൽ ഇന്ത്യക്കായി കളിക്കുക എന്നത് പ്രിയങ്കിന്‍റെ വലിയ ആഗ്രഹമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ ബാറ്റു വീശുമ്പോഴും ഇന്ത്യൻ ജഴ്സിയിൽ കളിക്കുക എന്നത് സ്വപ്നമായി തന്നെ തുടർന്നു. ഇനി ഒരിക്കലും ആ സ്വപ്നം പൂവണിയില്ലെന്ന് മനസിലായതോടെയാണ് ക്രിക്കറ്റ് മതിയാക്കിയത്. ഗുജറാത്തിനായി 127 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 97 ലിസ്റ്റ് എ മത്സരങ്ങളും 59 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2016-17 സീസണിൽ ഗുജറാത്ത് പ്രഥമ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിടുന്നത് പ്രിയങ്കിന്‍റെ നായകത്വത്തിലായിരുന്നു.
1,310 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 സെഞ്ച്വറികളും 34 അര്‍ധസെഞ്ച്വറികളുമുള്‍പ്പെടെ 8,856 റണ്‍സ് നേടിയിട്ടുണ്ട്. 2015-16ല്‍ വിജയ് ഹസാരെ ട്രോഫി, 2021-13ലെയും 2013-14ലെയും സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയ ഗുജറാത്ത് ടീമിലും അംഗമായിരുന്നു. 2021-22 ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിൽ താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്.
ഏറെ നാളായി വിരമിക്കൽ തന്‍റെ മനസ്സിലുണ്ടായിരുന്നുവെന്ന് പ്രിയങ്ക് ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘ഏറെനാളായി വിരമിക്കൽ തന്‍റെ മനസിലുണ്ട്. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചതു മുതല്‍ എന്നെ മുന്നോട്ടുനയിച്ചത് ഇന്ത്യക്കായി കളിക്കുക എന്ന സ്വപ്നമായിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, അത് പ്രായോഗികമല്ലെന്ന് മനസ്സിലായി. ഞാന്‍ പരമാവധി ശ്രമിച്ചു. ഇന്ത്യ എക്കുവേണ്ടിയും രഞ്ജി ട്രോഫിയിലും കളിച്ചു. പക്ഷേ ഇപ്പോൾ എനിക്കത് മനസ്സിലായി. ഇനി അത് സംഭവിക്കാൻ പോകുന്നില്ല’ -പ്രിയങ്ക് പഞ്ചാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യക്കായി കളിക്കാനാവാത്തതിന്‍റെ നിരാശ എന്നും മനസ്സിലുണ്ടാകും. വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുമായി ഡ്രസ്സിങ് റൂം പങ്കുവെക്കാനായത് വലിയ കാര്യമാണ്. വളരെ പ്രഫഷനലായ അന്തരീക്ഷമായിരുന്നു അത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.