പരമ്പര തോൽവി; ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടം; നാട്ടിൽ പരമ്പര തോൽക്കുന്നത് നാലു വർഷത്തിനുശേഷം

ചെന്നൈയിലെ മൂന്നാം ഏകദിനത്തിൽ ജയവും പരമ്പരയും തേടിയിറങ്ങിയ ഇന്ത്യക്ക് പിഴച്ചു. ടെസ്റ്റിലെ പരാജയത്തിന് മധുരപ്രതികാരം വീട്ടിയ ആസ്ട്രേലിയ, 21 റൺസിന്‍റെ ജയവുമായി ഏകദിന പരമ്പര സ്വന്തമാക്കി. തോൽവിയോടെ ഇന്ത്യക്ക് ഐ.സി.സി.സി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും നഷ്ടമായി.

ജയത്തോടെ ഓസീസ് ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരുവർക്കും 113 റേറ്റിങ് പോയന്‍റാണുള്ളത്. നാട്ടിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമ്പൂർണ വിജയം (3-0) നേടിയാണ് ഈവർഷം ജനുവരിയിൽ ഇന്ത്യ ഒന്നാം നമ്പറിലെത്തിയത്. പിന്നാലെ ശ്രീലങ്കയെയും 3-0ത്തിന് തകർത്ത് ഇന്ത്യ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ആതിഥേയർ, തുടർന്നുള്ള രണ്ടു മത്സരങ്ങളിലും അടിയറവ് പറയുകയായിരുന്നു.

ഇന്ത്യൻ മണ്ണിൽ ഏകദിനത്തിലും ടെസ്റ്റിലും ട്വന്‍റി20യിലുമായി തുടർച്ചയായ 26 പരമ്പര നേട്ടങ്ങൾക്കുശേഷം ആദ്യമായാണ് ഇന്ത്യ നാട്ടിൽ ഒരു പരമ്പര തോൽക്കുന്നത്. 2019 മാർച്ചിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുമ്പ് ഇന്ത്യ തോൽവി വഴങ്ങിയത്.

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായിരുന്നു. ഇന്ത്യയുടെ മറുപടി 49.1 ഓവറിൽ 248ൽ അവസാനിച്ചു. അർധ ശതകം നേടിയ വിരാട് കോഹ്‌ലിയാണ് (72 പന്തിൽ 54 റൺസ്) ടോപ് സ്കോറർ. ആസ്ട്രേലിയക്കുവേണ്ടി സ്പിന്നർ ആദം സാംപ 10 ഓവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി കളിയിലെ കേമനായി. ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ‍യും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകിയെങ്കിലും മുതലെടുക്കാനായില്ല.

Tags:    
News Summary - India dethroned from No. 1 spot after losing first ODI series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.