തോൽവിക്ക് 24 മണിക്കൂർ തികയുംമുമ്പേ അതേ പിച്ചിൽ തിരിച്ചടിച്ച് ഇന്ത്യ

ബസെറ്റെറെ: ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിൽ തുടർച്ചയായ രണ്ടു ദിവസങ്ങളിൽ നടന്ന മത്സരങ്ങളിൽ ഇരു ടീമിനും ഓരോ ജയം. തിങ്കളാഴ്ചത്തെ തോൽവിക്ക് 24 മണിക്കൂർപോലും തികയുന്നതിനുമുമ്പേ അതേ മൈതാനത്തും പിച്ചിലും തിരിച്ചടിച്ച ഇന്ത്യ പരമ്പരയിൽ ലീഡ് (2-1) തിരിച്ചുപിടിച്ചു.

രണ്ടു ദിവസവും വൈകിയാണ് കളി തുടങ്ങിയത്. രണ്ടാം മത്സരത്തിലെ അഞ്ചു വിക്കറ്റ് പരാജയത്തിന് ഏഴു വിക്കറ്റ് വിജയംകൊണ്ട് സന്ദർശകർ ആതിഥേയർക്ക് മറുപടി നൽകി. പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച ബാറ്റിങ്ങിനിടെ പുറംവേദന കാരണം ക്രീസ് വിട്ട രോഹിത് ശർമയുടെ ആരോഗ്യനിലയിലെ പുരോഗതി നിരീക്ഷിച്ചുവരുകയാണ് മെഡിക്കൽ സംഘം.

മൂന്നാം മത്സരത്തിൽ രോഹിതിനായിരുന്നു ടോസ്. ബൗളിങ് തീരുമാനിച്ചു. ബാറ്റ് ചെയ്ത വിൻഡീസിനെ മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാരായ ഹാർദിക് പാണ്ഡ്യയും അശ്വിനും നിയന്ത്രിച്ചതോടെ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 164 റൺസിൽ അവസാനിച്ചു. 50 പന്തിൽ 73 റൺസടിച്ച ഓപണർ കെയിൽ മയേഴ്സാണ് മാന്യമായ സ്കോർ സമ്മാനിക്കുന്നതിൽ നിർണായക സംഭാവന നൽകിയത്. ഇന്ത്യക്കുവേണ്ടി ഭുവനേശ്വർ കുമാർ രണ്ടും ഹാർദിക് പാണ്ഡ്യയും അർഷ്ദീപ് സിങ്ങും ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യൻ ഇന്നിങ്സിൽ തകർത്തടിച്ചാണ് സൂര്യകുമാറും രോഹിതും തുടങ്ങിയത്. ടീം സ്കോർ 19ൽ നിൽക്കെ രോഹിത് (11) പരിക്കേറ്റു മടങ്ങി. ശ്രേയസ് അയ്യർക്കൊപ്പമാണ് പിന്നെ സൂര്യ സ്കോർ ചലിപ്പിച്ചത്. ശ്രേയസ് 24 റൺസെടുത്തു പുറത്തായി. 44 പന്തിൽ 76 റൺസ് നേടിയ സൂര്യകുമാറാണ് കളിയിലെ കേമൻ. നാലു റൺസാണ് പാണ്ഡ്യ നേടിയത്. ഋഷഭ് പന്ത് 26 പന്തിൽ 33ഉം ദീപക് ഹൂഡ ഏഴു പന്തിൽ 10ഉം റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ ഇന്ത്യ ഒരു ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ.

ട്വന്റി20: സൂര്യകുമാർ രണ്ടാം റാങ്കിൽ

ദുബൈ: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ഉജ്ജ്വലപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കു കയറി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. മൂന്നാം മത്സരത്തിൽ 44 പന്തിൽ 76 റൺസടിച്ച താരം മൂന്നു സ്ഥാനങ്ങൾ കയറി. ഒന്നാമതുള്ള പാകിസ്താന്റെ ബാബർ അഅ്സമുമായി വെറും രണ്ടു പോയൻറ് വ്യത്യാസമാണ് നിലവിൽ. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്ററാണ് സൂര്യകുമാർ. ബൗളർമാരിൽ എട്ടാമനായി ഭുവനേശ്വർ കുമാറും.

Tags:    
News Summary - India beat westindies in 3rd t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.