ഇന്ത്യ-ആസ്േട്രലിയ ടെസ്റ്റ് പരമ്പരക്കു മുന്നോടിയായി ബോർഡർ-ഗാവാസ്കർ ട്രോഫിയുമായി ക്യാപ്റ്റന്മാരായ രോഹിത് ശർമയും പാറ്റ് കമ്മിൻസും
നാഗ്പുർ: വരുന്ന ജൂൺ ഏഴു മുതൽ ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കാൻ യോഗ്യത നേടിയ ടീമാണ് ആസ്ട്രേലിയ. അവശേഷിക്കുന്ന സ്ഥാനത്തിനായി പോരാടുന്നവരിൽ ഒന്നാമതുണ്ട് ടീം ഇന്ത്യ. ക്രിക്കറ്റ് ലോകത്തെ രണ്ട് വമ്പന്മാർ, ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് തുടക്കമാവുന്നു.
നാല് മത്സര പരമ്പരയിൽ മൂന്നെണ്ണത്തിലെങ്കിലും ജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ഫൈനലിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചരിത്രപ്രാധാന്യമുള്ള ബോർഡർ-ഗവാസ്കർ ട്രോഫി നേടുക ഇരു ടീമിന്റെയും അഭിമാനപ്രശ്നം കൂടിയാണ്. കറങ്ങിത്തിരിയുന്ന പിച്ചിനെക്കുറിച്ച് ആസ്ട്രേലിയ മാത്രമല്ല ഇന്ത്യൻ ടീം മാനേജ്മെന്റും ചില ആശങ്കകൾ പങ്കുവെച്ചിട്ടുള്ളതിനാൽ ട്വിസ്റ്റും ടേണും പ്രതീക്ഷിക്കാം.
1947 നവംബർ 28ന് ബ്രിസ്ബേനിലാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ആദ്യ ടെസ്റ്റ് കളിച്ചത്. ഡൊണാൾഡ് ബ്രാഡ്മാൻ നയിച്ച ആതിഥേയ സംഘത്തിനെതിരെ ലാലാ അമർനാഥിന്റെ ഇന്ത്യ ഇറങ്ങി. ഇന്നിങ്സിനും 226 റൺസിനും പടുകൂറ്റൻ തോൽവി ഏറ്റുവാങ്ങിയ സന്ദർശകർക്ക് അഞ്ച് മത്സരപരമ്പര 0-4ന് നഷ്ടപ്പെട്ടു.
ഒരു കളി സമനിലയിലായത് മിച്ചം. 1959ലാണ് ഇന്ത്യ ഓസീസിനെതിരെ ആദ്യമായി ടെസ്റ്റ് ജയിക്കുന്നത്. അഞ്ച് മത്സര പരമ്പരയിൽ കാൺപുരിൽ നടന്ന രണ്ടാം ടെസ്റ്റ് ഗുലാബ് റായ് രാംചന്ദിന്റെ ആതിഥേയ സംഘം 119 റൺസിന് നേടി. പരമ്പര കിട്ടാൻ പിന്നെയും 20 വർഷം കൂടി വേണ്ടിവന്നു.
1979ൽ ഓസീസ് ഇന്ത്യയിൽ വന്നപ്പോൾ 2-0ത്തിന് സുനിൽ ഗവാസ്കറിന്റെ ടീം ചരിത്രനേട്ടം സ്വന്തമാക്കി. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഇതുവരെ 102 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ 43 എണ്ണത്തിൽ ജയം ഓസീസിനൊപ്പമായിരുന്നു. ഇന്ത്യ ജയിച്ചത് 30ൽ. 28 എണ്ണം സമനിലയിലും ഒന്ന് ടൈയിലും അവസാനിച്ചു.
സമീപകാല ചരിത്രം പരിശോധിച്ചാൽ കംഗാരു നാട്ടുകാർക്ക് അത്ര പന്തിയല്ല കാര്യങ്ങൾ. ഇന്ത്യക്കെതിരെ അവർ പരമ്പര ജയിച്ചിട്ട് എട്ടു കൊല്ലം കഴിഞ്ഞു. 2014-15ൽ വിരാട് കോഹ്ലിയും സംഘവും ആസ്ട്രേലിയൻ മണ്ണിലെത്തിയപ്പോൾ നാല് മത്സര പരമ്പര ഓസീസ് 2-0ത്തിന് സ്വന്തമാക്കി.
ശേഷം രണ്ട് തവണ കൂടി ഇന്ത്യ ആസ്ട്രേലിയയിൽ. ഒരു പ്രാവശ്യം അവർ ഇങ്ങോട്ടും വന്നു. മൂന്ന് പരമ്പരയും 2-1ന് ഇന്ത്യ ജയിച്ചു. 2019ൽ ഇന്ത്യക്ക് ആസ്ട്രേലിയൻ മണ്ണിൽ ചരിത്രത്തിലെ ആദ്യ പരമ്പര നേട്ടം. 2004ലാണ് ഓസീസ് ഇന്ത്യയിൽ അവസാനമായി ടെസ്റ്റ് കിരീടം നേടിയത്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, കെ.എസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്, ഇഷാൻ കിഷൻ.
ആസ്ട്രേലിയ: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), ഡേവിഡ് വാർനർ, ഉസ്മാൻ ഖ്വാജ, മർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് കാരി, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്കോംബ്, നഥാൻ ലിയോൺ, ആഷ്ടൺ അഗർ, സ്കോട്ട് ബോളണ്ട്, ലാൻസ് മോറിസ്, മിച്ചൽ സ്വെപ്സൺ, ടോഡ് മർഫി, കാമറൂൺ ഗ്രീൻ.
ബാറ്റർമാരായ രോഹിത് ശർമ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജ, ആർ. അശ്വിൻ എന്നിവരാണ് ഇന്ത്യൻ ഇലവനിൽ അംഗത്വം ഉറപ്പാക്കിയവർ. ബാക്കി ആറു പേർ ആരൊക്കെയായിരിക്കുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു.
രോഹിതിനൊപ്പം ഓപൺ ചെയ്യാൻ ആരെത്തുമെന്നതിൽ തുടങ്ങുന്നു അത്. കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും പരിഗണനയിലുണ്ട്. മധ്യനിരയിൽ സൂര്യകുമാർ യാദവും അവസരം കാത്തുനിൽക്കുന്നതിനാൽ മൂന്നുപേർക്കും കൂടി സ്ഥാനം ഉറപ്പാക്കുക പ്രയാസമാണ്. ഒരാൾ പുറത്താവുമെന്ന് ചുരുക്കം. രാഹുൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയില്ലെന്ന് ടീം മാനേജ്മെന്റ് സൂചന നൽകിയ സാഹചര്യത്തിൽ കെ.എസ് ഭരതും ഇഷാൻ കിഷനും ചോയ്സുകളായി വരുന്നു.
ഭരതിന് ടെസ്റ്റ് അരങ്ങേറ്റമുണ്ടാവാനാണ് സാധ്യത. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് അശ്വിനും ജദേജക്കും പുറമെ ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ പരീക്ഷിക്കുമ്പോൾ അക്സർ പട്ടേലോ കുൽദീപ് യാദവോ വരും. പിന്നെ വേണ്ടത് രണ്ട് പേസ് ബൗളർമാരാണ്. ഫോമിലുള്ള മുഹമ്മദ് സിറാജിനൊപ്പം മുഹമ്മദ് ഷമിയോ ഉമേഷ് യാദവോ എത്തും.
ഒമ്പത് വർഷത്തിന് ശേഷം ഇന്ത്യയിൽ പരമ്പര ജയം കൊതിക്കുന്ന ആസ്ട്രേലിയക്ക് കുത്തിത്തിരിയുന്ന പിച്ച് മാത്രമല്ല മൂന്ന് താരങ്ങൾക്ക് പരിക്കേറ്റതും വെല്ലുവിളിയാണ്. മൂന്ന് പ്രധാനികൾ പരിക്കേറ്റ് അകത്തോ പുറത്തോ എന്നുറപ്പില്ലാതെ നിൽക്കുന്നതിനാൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ബാറ്റർമാർമാരായ ഡേവിഡ് വാർനർ, ഉസ്മാൻ ഖ്വാജ, സ്റ്റീവൻ സ്മിത്ത്, നതാൻ ലിയോൺ തുടങ്ങിയ സീനിയർ കളിക്കാരുടെ ഉത്തരവാദിത്തം വർധിക്കുന്നു.
പരിക്കേറ്റ പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസ്ൽവുഡ് എന്നിവർ കളിക്കില്ലെന്ന് ടീം വൃത്തങ്ങൾ അറിയിക്കുമ്പോൾ ബാറ്റിങ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംശയവും പ്രകടിപ്പിക്കുന്നുണ്ട്. പേസർ കമ്മിൻസും സ്പിന്നർ നതാൻ ലിയോണുമാണ് ഓസീസ് സംഘത്തിലെ പരിചയ സമ്പന്നരായ ബൗളർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.